പുണ്യങ്ങളുടെ പൂക്കാലം ...


പുണ്യങ്ങളുടെ പൂക്കാലങ്ങളിലൂടെ യാണ് വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്. റമദാനിന്റെ ദിനരാത്രങ്ങള്‍ സ്വയം വിലയിരുത്തലിനും തിരുത്തലിനും ഉള്ളതാകുമ്പോൾ  മനസ്സിനെ കൂടുതൽ ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കഴിയുന്നു, എല്ലാം  ദൈവത്തിനു മുമ്പിൽ സമർപ്പിക്കുമ്പോൾ  അധമ വികാരങ്ങള്‍ സ്വയമേവ കൊഴിഞ്ഞു പോകുന്നു. വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല.  വികാരങ്ങല്ക്കും ദേഹേച്ചകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടെ ലക്ഷ്യമാണ്‌. വ്യക്തിപരമായ ത്യാഗ മനോഭാവവും  സേവന സന്നദ്ധതയും  അർപ്പണ ബോധവും വളർത്തുന്നതോടോപ്പം സമസൃഷ്ടി  സ്നേഹവും സാമൂഹിക ബൊധമുണ്ടാക്കി എടുക്കുന്നതിനും  വൃതാനുഷ്ടാനത്തിലൂടെ  കഴിയണം. നോമ്പ് ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പെന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നു. വിശപ്പിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പ് കാരന് പട്ടിണി പാവങ്ങലോടുള്ള ദീനാനുകമ്പ വളർന്നു വരുന്നു. ദേഹേച്ഛകളെ നിയന്ത്രിക്കുവാനുള്ള പരിശീലനം ലഭിക്കുന്നു, ധനികരിൽ അഗതി സംരക്ഷണത്തിന്റെ  വികാരം വളരുന്നു. പ്രവാചകൻ റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം  നിര്‍ധന കുടുംബങ്ങളെയും പാവപ്പെട്ടവരെയും  സഹായിക്കാനും, വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നിലനിര്‍ത്താനും  സ്വദേശികളോടൊപ്പം  പ്രവാസ സമൂഹവും ഏറെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബന്ധം നിലനിർത്തുന്നു ജാതി മത വ്യത്യാസമില്ലാതെ സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൂടുതലായി ചെയ്യുന്നു.  ഈ രമദാനിലും  വിപുലമായ ജീവകാരുണ്യ പദ്ധതികൾക്കാണ്  ഖത്തറിലെ ചാരിറ്റി സംഘടനകൾ രൂപം നല്കിയിരിക്കുന്നത്. ശീതീകരണ സംവിധാനമുള്ള ടെന്റുകൾ വഴി  ഭക്ഷണവും പാനീയങ്ങളും  പാവപ്പെട്ടവർക്ക് വേണ്ടി  ദിനേന അവർ ഒരുക്കുന്നു.  നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘുകരിക്കാനും വ്യക്തികളിലും കുടുംബങ്ങളിലും റമദാന്റെ ചൈതന്യം നില നിര്‍ത്താനും ഇത്തരം പദ്ധതികള്‍ ഒരു പാട് സഹായകമാകുന്നു. ഖത്തർ ചരിറ്റി, ഖത്തർ റെഡ് ക്രെസന്റ്റ്, റാഫ്, ഈദ് ചാരിറ്റി തുടങ്ങിയ വിവിധ സംഘങ്ങൾ ആണ്  ഇഫ്താർ ടെന്റുകൾ ഒരുക്കിയിരിക്കുന്നത്, ഇതിനു പുറമേ സ്ഥിരമായി ഇഫ്താർ ഒരുക്കുന്ന സ്വദേശികളുടെ ടെന്റുകലും ധാരാളമായി ഉണ്ട്. അത്യുഷ്ണമുള്ള ദൈർഗ്യമുള്ള പകലിലൂടെയുള്ള ഇപ്രാവശ്യത്തെ നോമ്പ് പുറത്ത് ജോലിചെയ്യുന്നവർക്ക്  കാഠിന്യത്തിന്റെ ശക്തി കൂട്ടുന്നുണ്ട്. പാവപ്പെട്ട പുറമേ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് ലഭിക്കുന്നതും, ഇത്തരം ടെന്റുകളും ഒരു പാട് ആശ്വാസം നല്കുന്നു.

പട്ടിണിപ്പാവങ്ങൾ
ഈ റമദാനിലൂടെ ലോകത്തെ പട്ടിണി പാവങ്ങളുടെ വിശപ്പ്‌ അറിയാൻ നമുക്ക് കഴിയണം,  ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് ഭക്ഷ്യക്ഷാമം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശം, വരൾച്ച , പ്രകൃതി ദുരന്തങ്ങൾ  ഇങ്ങനെ ഒരു പാട് കാരണങ്ങള്‍ അതിനുണ്ട്. ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണിപ്പാവങ്ങൾ, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാധി പോലെയുള്ള മാറാ രോഗങ്ങള്‍ അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം  ലഭിക്കാന്‍ ഏതെങ്കിലും  രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപ്പൊതിക്ക്  വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍. അല്പം വെള്ളം ലഭിക്കാൻ കിലൊമീറ്റരോളം  നടക്കുന്ന, വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഈ ഒരു പാശ്ചാത്തലത്തില്‍ ലോക സമൂഹം ഈ വിഷയം ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. അവർക്ക് വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും നമുക്ക് ലഭിച്ച അനുഗ്രഹങ്ങല്ക്ക് ദൈവത്തിനു നന്ദി പറയേണ്ട സമയവുമാണിത്, അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും അവരോടുള്ള ദീനാനുകമ്പ വളര്ത്തി കൊണ്ടുവരാനും ഈ നോമ്പിലൂടെ നമുക്ക് കഴിയണം. ഇത്തരം പാവപ്പെട്ടവരെ സഹായിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്യുന്ന സേവനം വളരെയധികം ശ്ലാഗനിയമാണ്.  ഇത്തരം രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ഖത്തറിന്റെ സേവനം വളരെ വലുതാണ്‌.

ധൂർത്ത് ഒഴിവാക്കുക
അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പികാൻ  സന്നദ്ധത കാട്ടാനും  ധൂർത്ത് ഒഴിവാക്കാനും  നമുക്ക് കഴിയണം. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍  ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് അനുഗൃഹീതമായ റമദാനിന്‍റെ പവിത്രത കളയാൻ പാടില്ല. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും  പാക്കറ്റില്‍  നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്‌, ഇങ്ങനെ  ആവശ്യത്തില്‍ അധികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.  റമദാനിലും അല്ലാത്തപ്പോഴും ധൂർത്ത് നമ്മളിൽ ഉണ്ടാകാത്തിരിക്കാൻ  ശ്രദ്ധിക്കാൻ നമുക്ക് കഴിയണം.  ഒരു ഉരുള ഭക്ഷണം  കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍ ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വെച്ചുകൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കിന് അമ്മമാര്‍ കരഞ്ഞു കഴിയുന്നുണ്ട്,  അവരെ നാം മറന്നു കൂടാ. ഭക്ഷണം അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കാൻ ബാക്കി വരുന്ന ഉപയോഗിക്കാത്ത ഭക്ഷണം ശേഖരിക്കാൻ  ഖത്തറിലെ ഈദ് ചാരിറ്റി ചെയ്യുന്ന  പ്രവർത്തനം ഏറെ മാതൃകാപരമാണ്, ഭക്ഷണ സാധനങ്ങൾ അനാവശ്യമായി ഉപേക്ഷിക്കരുതെന്ന പ്രവാചക സന്ദേശം ഉൾക്കൊണ്ട്‌  കൊണ്ടാണ്  ഈദ് ചാരിറ്റി ഈ പദ്ധതിയുമായി മുമ്പോട്ട് വന്നത്, ആരെങ്കിലും കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ശേഖരിക്കുന്നതിനു പകരം, ബാക്കി വരുന്ന തീരെ ഉപയോഗിക്കാത്ത ഭക്ഷണ സാധനങ്ങൾശേഖരിച്ച് വിശക്കുന്നവർക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഇവർ ചെയ്യുന്നത് ഇത്തരം നല്ല പ്രവർത്തനങ്ങളിലൂടെ മാതൃക കാട്ടുകയാണ് ഖത്തറിലെ ഈദ് ചാരിറ്റി.

നാട്ടിലും ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒരു പാട് നടന്നു കൊണ്ടിരിക്കുന്നു, ഇത്തരം ഒരു പാട് നല്ല കാര്യങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും മലയാളികളിൽ റമദാനുമായി ബന്ധപ്പെട്ടു ചില തെറ്റായ ശീലങ്ങളും വളർന്നു വരുന്നുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത വിഭവങ്ങൾ ഉണ്ടാക്കാൻ വേണ്ടി അമിതമായി ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിലൂടെ മാർകറ്റിൽ ഉണ്ടാക്കുന്ന വൻ തിരക്കും അത് മൂലം ഭക്ഷണസാധനങ്ങളുടെയും പഴം, പച്ചക്കറികളുടെ വിലയും കുതിച്ചുയരുന്നതും, നോമ്പിന്റെ രാത്രികളിൽ  മലയാളം ചാനലുകളിൽ മുസ്ലിം പാചക സ്ത്രീകൾ   അവരുടെ പാചക മികവുമായി പ്രത്യക്ഷപ്പെടുന്നതും  ചില വനിതാ മാസികകൾ കൊതിയൂറും “റമദാൻ” വിഭവങ്ങളുമായി റമദാൻ വിഭവ സ്പെഷ്യൽ പതിപ്പിറക്കുന്നതും നോമ്പ് വിഭവ സ്മൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള മാസമായുള്ള  തെറ്റിദ്ധരണ വരുത്തുന്നുണ്ട്, ഇതൊക്കെ നോമ്പിന്റെ  ഭാഗമാണെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചു പോകുന്നു,  ഇത് തികച്ചു തെറ്റായ സന്ദേശമാണ് നല്കുന്നത്.  ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾകൊണ്ടു കൊണ്ടുള്ളതല്ല  ഇത്തരം പ്രവർത്തനങ്ങൾ.

ദാന ധർമങ്ങൾ
പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്‍ഭാരമാക്കുകയും ധാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി  പ്രാര്‍ഥിക്കുവാന്‍ റമദാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നു. അതിലൂടെ അവൻ സൂക്ഷ്മത പാലിക്കുന്നവൻ ആയിത്തീരാൻ വേണ്ടി. വളരെ പുണ്യകരമാണെന്ന് ഇസ്ലാം നിര്‍ദേശിച്ച കര്‍മമാണ് ദാനധര്‍മങ്ങള്‍. ദൈവം  തനിക്ക് നല്കിയ അനുഗ്രഹമായ സമ്പത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സന്മനസ്സാണ് ദാനധര്‍മങ്ങളിലൂടെ ഉണ്ടാവുന്നത്. പ്രവാചകൻ ജനങ്ങളില്‍ വെച്ച് ഏറ്റവും ഔദാര്യവാനായിരുന്നു. റമദാന്‍ മാസമായിക്കഴിഞ്ഞാല്‍ പ്രവാചകന്റെ  ഔദാര്യശീലം ഇരട്ടിയാകുമായിരുന്നു. പാവപ്പെട്ടവരുടെ വിശപ്പ് അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക് അവസരം ലഭിക്കുന്നതിലൂടെ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കേണ്ടതുണ്ട്‌. അത് കൊണ്ടാണ് മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ റമദാനിൽ  സജീവമാകുന്നതു . സഹായം സമ്പത്തു കൊണ്ട് മാത്രമല്ല, മറ്റു നല്ല സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാവാം. രോഗപീഢയാല്‍ വേദനിക്കുന്നവര്‍ക്കും അശരണരും ആലംബഹീനരുമായി നിത്യദുരിതം അനുഭവിക്കുന്നവരിലേക്കും സാന്ത്വനവുമായി കടന്നു ചെല്ലുന്നത് റമദാന്‍ മാസത്തിലെ വ്രതനാളുകളില്‍ ആവുമ്പോള്‍ അത് ഏറെ പുണ്യകരവും ഇരട്ടി പ്രതിഫലവുമുള്ളതുമായിത്തീരുന്നു. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക  ഇത്തരം കാര്യങ്ങളിൽ കൂടുതൽ  പങ്കാളികളാവാൻ വൃതം അനുഷ്ടിക്കുന്നതോടൊപ്പം തന്നെ നമുക്കും കഴിയണം. ദൈവ  പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്.  വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന് വലിയ പ്രതിഫലമുണ്ടന്നും, ഏറ്റവും പ്രിയപ്പെട്ടത് കൊടുക്കലാണ് ഏറ്റവും വലിയ പുണ്യമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.

യഥാര്‍ഥ ദരിദ്രന്‍

എന്നോടും നിങ്ങളോടും    
മറ്റുള്ളവർക്ക് എതങ്കിലും രൂപത്തിൽ ഉള്ള പ്രയാസം നമ്മിൽ നിന്നും  വരുന്നുണ്ടോ എന്ന്  എപ്പോഴും നാം ശ്രദ്ധിക്കണം പ്രത്യേകിച്ചു  സോഷ്യൽ മീഡിയകളിൽ നാം ഉപയോഗിക്കുന്ന വാക്കുകളും അതിലെ പ്രചരണങ്ങളും നാം വളരെയധികം ശ്രധ്ക്കെണ്ടിയിരിക്കുന്നു. ആരെയും അവനു ഇഷ്ടമില്ലാത്തത് പറയാൻ നമുക്ക് അനുവാധമില്ല അത് അവനിൽ ഉള്ളതാണങ്കിൽ പോലും  "നീ നിന്റെ സഹോദരനെക്കുറിച്ചു അവനിഷ്ടപ്പെടാത്തത് പറയുന്നത് ഗീബതാണ്,  സഹോദരനില്‍ അത് ഉള്ളതായിരുന്നാലോ എന്ന് നബിയോട് ഒരാള്‍ ചോദിച്ചു. നബി (സ്വ) പറഞ്ഞു: ‘നീ പറയുന്നത് അവനിലുള്ളതായിരുന്നാല്‍ നീ അവനെക്കുറിച്ച് ഗീബത്ത് പറഞ്ഞു. ഇല്ലാത്തതായിരുന്നാല്‍ അവനെക്കുറിച്ച് കളവ് പറഞ്ഞു.  ഈ ലോകത്തുവെച്ചു ഒരു പാട്  പ്രയാസങ്ങളും  യാതനകളും അനുഭവിച്ചുകൊണ്ട് വിവിധ രൂപത്തിലുള്ള സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അതിനെല്ലാം പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന  പ്രതീക്ഷയോടെ  അവിടെ എത്തിയാൽ  ആകെ  മറിച്ചായിത്തീരുകയും മറ്റുള്ളവരുടെ പാപങ്ങള്‍ മുഴുവൻ പേറെണ്ട അവസ്ഥ വരികയും പിന്നീട്  നരകത്തില്‍ കിടക്കാനിടവരികയും ചെയ്യുന്നതിനെക്കാള്‍ വ്യസനകരമായ ഒരവസ്ഥ മറ്റൊന്നുണ്ടോ  ഒന്ന് ചിന്തിച്ചു നോക്കൂ അതിനേക്കാൾ ഭയാനകമായ ഒരവസ്ഥ ഉണ്ടോ .......

പ്രവാചകൻ (സ ) യുടെ  ഈ വാക്കുകൾ ഒന്ന് നോക്കൂ

عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "أَتَدْرُونَ مَا الْمُفْلِسُ" قَالُوا الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ، فَقَالَ: "إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ".

അബൂ ഹുറൈറ (റ) നിവേദനം  : പ്രവാജകാൻ (സ ) ചോദിച്ചു  ദാരിദ്ര്യത്തിന്റെ  പരമകാഷ്ട പ്രാപിച്ചവന്‍ ആരാണന്നു നിങ്ങൾക്ക് അറിയുമോ?  അനുജരന്മാർ മറുപടിയായി പറഞ്ഞു. ഞങ്ങളിൽ ദരിദ്രന്‍ ജീവിത വിഭവമില്ലാത്തവനും ദിർഹം ഇല്ലാത്തവനുമാണ്  അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു:  എന്റെ സമുദായത്തില്‍പ്പെട്ട ചിലര്‍ നിസ്കാരം, വ്രതം, ദാനധര്‍മ്മം മുതലായ സല്‍ക്കര്‍മങ്ങളുമായി നാളെ  പരലോകത്ത് വരും. അസഭ്യം, ചീത്ത പറയൽ, ദുഷ്പരാതി പറയൽ, ധനം അന്യായമായി തിന്നൽ,  രക്തം ചിന്തല്‍,  മുതലായ നിരവധി കുറ്റങ്ങള്‍ അവന്റെ പേരില്‍ ചുമത്തി മറ്റു ചിലരും അവനെ അനുഗമിച്ചു കൊണ്ടും വരും. അവന്റെ സല്‍ക്കര്‍മങ്ങള്‍ മുഴുവനും അവർക്ക് നല്കപ്പെടും.  അതു കൊണ്ടും കണക്കു തീരാതെ വരുമ്പോൾ  അവരുടെ ദുഷ്കര്‍മ്മങ്ങള്‍ അവന്റെ മേല്‍ വഹിപ്പിക്കപ്പെടുകയും  അവസാനം അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവനാണ് യഥാര്‍ഥ ദരിദ്രന്‍ (മുസ്ലിം).

ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ദോഷം ആരോപിക്കരുത്. ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപാം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (49:12).



ഒരു ദിനം ഖബറിലേക്കല്ലോ എല്ലാവരുടെയും മടക്കം



നീ അശ്രദ്ധനാകിൽ, അല്ലാഹുവിനെ സൂക്ഷിക്കണം
നീ അറിയാത്ത വഴികളിലൂടെ നിനക്കവൻ ആഹാരം നൽകുന്നു
അന്ന ദാതാവായി അല്ലാഹു ഉണ്ടായിരിക്കെ നീ എന്തിനു ദാരിദ്ര്യത്തെ ഭയപ്പെടണം ??
ആകാശത്ത് പറവക്കും സമുദ്രത്തിൽ മത്സ്യത്തിനും നിത്യ ഭക്ഷണം നൽകപ്പെടുന്നുവല്ലോ
സ്വന്തം ശക്തി - മാഹാത്മ്യത്തിലാണ് അന്നം എന്ന് ആരെങ്കിലും നിനക്കുന്നുവോ
എങ്കിൽ ഓർക്കുക കഴുകനുണ്ടായിരിക്കെ കുരുവി ഒന്നും കഴിക്കാതിരുന്നിട്ടില്ലല്ലോ
ഐഹിക പ്രമത്തതയിൽ നിന്ന് നീ അകലം പ്രാപിക്കുക
കാരണം രാത്രി മറഞ്ഞാൽ അടുത്ത പുലരി ജീവിക്കുമെന്ന് നിനക്ക് ഉറപ്പില്ലല്ലോ
എത്ര എത്ര ആരോഗദൃഡഗാത്രരാണ് ഒരസുഖവുമില്ലാതെ മരിച്ചു പോയിരിക്കുന്നത്
എത്ര എത്ര രോഗികളാണ് കാലത്തെ അതിജയിച്ഛത്
രാവും പകലും ചിരികളിയിൽ ഏർപ്പെടുന്ന എത്ര എത്ര യുവാക്കൾ
എവിടെയോ അവരുടെ കഫൻ പുടവ നെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു അവരതരിയുന്നില്ല
ആയിരമോ രണ്ടായിരമോ വർഷം ആരെങ്കിലും ജീവിച്ചാലും
ഒരു ദിനം ഖബറിലേക്കല്ലോ എല്ലാവരുടെയും മടക്കം

അബ്ദുൽ മജീദ്‌ അബ്ദുല്ല കൂടക്കടവത്ത്

നമ്മുടെ ഒഴിവു സമയങ്ങളും ആരോഗ്യവും വിലപ്പെട്ടതാണ്‌ ...

ഇന്നലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സുഹൃത്തിനോട്‌ അൽപ നേരം സംസാരിക്കാൻ സാധിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ ചെറിയ സംഘടനയും നാട്ടിൽ ചെയ്യുന്ന സേവന പ്രവർത്തങ്ങൾ കേട്ടിട്ട് ശരിക്കും അസൂയ തോന്നി. ഇനിയും ഒരു പാട് പ്രവർത്തങ്ങൾ ചെയ്യാൻ അവർക്കു കഴിയട്ടെ .

കൂട്ടത്തിൽ അയാൾ പറഞ്ഞ ഒരു കാര്യം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഓരോ പ്രവാസിയും മനസ്സിരുത്തി ചിന്തിക്കേണ്ട വിഷയം. "ഇവിടെ പ്രവാസിയയിരുന്ന ഒരാൾ, ഒന്ന് രണ്ടു കമ്പനിയുടെ ഉടമ, കുടുംബ സമേതം വലിയ വീട്ടിൽ നല്ല അവസ്ഥയിൽ ജീവിച്ച ഒരു വ്യക്തി. നിർഭാഗ്യം എന്ന് പറയട്ടെ അയാളുടെ കച്ചവടം പെട്ടെന്നു തകരുകയും നാട്ടിൽ എത്തിയ അയാൾക്ക്‌ വലിയ അസുഖം പിടിപെടുകയും ചെയ്തു.

ചികിത്സയ്ക്ക് വകയില്ലാതെ കാരുണ്യത്തിന്‌ വേണ്ടി നാട്ടിൽ നിന്നും വന്ന കത്തുകളുടെ കൂട്ടത്തിൽ ഇയാളുടെയും കത്തും കണ്ടപ്പോൾ ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല" .......

ഇത് പറയുമ്പോൾ അയാളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ഇത്തരം കാഴ്ചകൾ ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നു

ഇനി ഈ പ്രവാചക വചനം ഒന്ന് നോക്കൂ "
" اغتنم خمسا قبل خمس شبابك قبل هرمك وصحتك قبل سقمك وغناءك قبل فقرك وفراغك قبل شغلك وحياتك قبل موتك "

അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പായി അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുത്തുക. വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ, രോഗത്തിന് മുമ്പ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ، തിരക്കിനു മുമ്പ് ഒഴിവു സമയത്തെ, മരണത്തിനു മുമ്പ് ജീവിതത്തെ.  

 « نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالْفَرَاغُ  »
രണ്ടു അനുഗ്രഹങ്ങളിൽ ഒരു പാട് പേർക്ക് നഷ്ടം സംഭവിച്ചിരിക്കുന്നു "ഒന്ന് ആരോഗ്യവും മറ്റൊന്ന് ഒഴിവ് സമയവുമാണ് "

"നാം ആലോചിക്കേണ്ടത് മരിച്ചു കഴിഞ്ഞാൽ നമ്മുടെ ഖബറിൽ നമുക്ക് കൂട്ടായി എന്തുണ്ട് എന്നാണു അവിടെ നിന്ന് ഒരു അപേക്ഷപോലും അയക്കാൻ നമുക്ക് കഴിയില്ല എന്ന ചിന്ത നമ്മുടെ മനസ്സിൽ എപ്പോഴും നാം സൂക്ഷിക്കുക.

അല്പം ചില ആരോഗ്യ ചിന്തകൾ

അല്പം ചില ആരോഗ്യ ചിന്തകൾ
വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണ് ചൊല്ലെങ്കിലും ചിലതൊക്കെ വഴിയിൽ തടഞ്ഞു വെക്കാൻ പറ്റും. നമ്മെ ഏറ്റവും അസ്വസ്ഥരാക്കുന്ന ഒന്നാണ്  രോഗങ്ങൾ,അവയിൽ  നിസ്സാരമെന്നു കരുതുന്ന ചില രോഗങ്ങൾ വളരെ സാരമയതോ സാരമെന്നു കരുതുന്നത് നേരെ മറിച്ചോ ആകാവുന്ന സ്ഥിതിവിശേഷം ഉണ്ടാകാം, രോഗം വന്നാൽ അതിനുള്ള പ്രധിവിധി ചികിത്സയാണ്.എന്നാൽ രോഗത്തെ വരാതെ തടയാൻ ശ്രമിക്കുക എന്നതും ചികിത്സയോളം തന്നെ പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണ്.ഒട്ടു മിക്ക രോഗങ്ങളും പ്രത്യേകിച്ച് അലര്ജി കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾ എങ്ങിനെ തടയാം എന്നതിലേക്ക് ഒരു പരിശോധന നടത്താം. നമ്മുടെ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ മിക്കവരിലും കാണുന്ന ഒട്ടനേകം രോഗങ്ങൾ അലര്ജി മൂലം ഉണ്ടാകുന്നു. പൊടി പടലങ്ങൾ,പക്ഷി-മൃഗാതികൾ,ചിത്ര ശലഭങ്ങൾ തുടങ്ങി ചില തരം ഭക്ഷണങ്ങൾ എന്നിവയെല്ലാം അലര്ജി ഉണ്ടാക്കവുന്നവയാണ്.നമ്മുടെ ശരീരം ഒരു വസ്തുവുമായി പോരുത്തപെടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്തകളാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ അലര്ജി.അത് ശ്വസിക്കുന്നത് മൂലമോ ഭക്ഷണത്തിൽ കൂടിയോ സ്പർശനത്തിൽ കൂടിയോ പോലും വരാം.കണ്ണ് ചൊറിച്ചിൽ,മൂക്ക് ഒലിപ്പു,തുമ്മൽ,ശരീരം ചൊറിഞ്ഞു തടിക്കുക,വയറിളക്കം പോലുള്ള അസുഖങ്ങളും അലര്ജി കൊണ്ട് ഉണ്ടാകാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള അലര്ജി കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ചികിത്സ തേടുന്നതിനൊപ്പം തന്നെ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തി നോക്കാം,പൊടി (dust )ആണ് പ്രശ്നമെങ്കിൽ മാസ്ക് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് കുറെയെങ്കിലും രക്ഷ നേടാം.കുളി കഴിഞ്ഞുള്ള ചൊറിച്ചിൽ ഉണ്ടെങ്കിൽ സോപ്പ് മാറി വേറൊരു സോപ്പിനെ പരീക്ഷിച്ചു നോക്കാം,ഭക്ഷണം കഴിച്ചുള്ള പ്രയാസങ്ങളാണ് എങ്കിൽ അടുത്ത പ്രാവശ്യം അത് ഒഴിവാക്കി നോക്കാം. ഒരു രോഗവും സ്വയം ചികില്സിക്കരുത്,മേല്പറഞ്ഞ കാര്യങ്ങൾ വന്ന രോഗത്തെ പറ്റിയല്ല അടുത്ത രോഗം വരാതിരിക്കാൻ ഉള്ള മുന്കരുതലിനു വേണ്ടി മാത്രമാണ്.

കാലാവസ്ഥ വ്യതിയാനങ്ങൾ കൂടി അലർജിയുടെ കാരണങ്ങളിൽ പെടുത്താവുന്നവയാണ് എങ്കിലും പ്രധാനം പൊടി പടലങ്ങളും അത് പോലുള്ള നമ്മുടെ കണ്ണിൽ പെടുന്നതും അല്ലാത്തതുമായ  നമുക്ക് വസ്തുക്കളുമാണ്.ഇന്ന് ലോകം ചര്ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിൽ പെട്ട ഒന്ന് നമ്മടെ ഭൂമിയെയും അന്തരീക്ഷത്തെയും അപകടത്തിലാക്കുന്ന വായു മലിനീകരണം  എങ്ങിനെ ലഘൂകരിക്കാം എന്നതാണ്. വാഹനങ്ങളുടെ അതിപ്രസരവും വരണ്ടുണങ്ങുന്ന നമ്മുടെ മണ്ണും നിര്മാണ പ്രവര്ത്തനങ്ങളും കാരണം  നമ്മുടെ ഗ്രാമീണ പരിസരങ്ങൾ പോലും  പൊടി പടലങ്ങളാൽ വീര്പ്പു മുട്ടുകയാണ്.

നമ്മുടെ കുഞ്ഞുങ്ങളെ ആഗോള താപനത്തെയും അന്തരീക്ഷ മലിനീകരത്തെയും പറ്റി പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലാത്ത സ്ഥിതിക്ക് അവരുടെ രക്ഷാ കവജം ആകുക എന്നതാണ് നമ്മുടെ കടമ. കുഞ്ഞുങ്ങളിൽ അടിക്കടി അലര്ജി മൂലം ഉണ്ടാകുന്ന അസുഖങ്ങൾ മുതിർന്നവർ തിരിച്ചറിയുകയും അവരെ ചികില്സിക്കുന്നതോടൊപ്പം തന്നെ വീണ്ടും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. അലര്ജി മൂലം ഉണ്ടാകുന്ന അസുഖങ്ങൾക്ക് ശാശ്വത പരിഹാരം അതിന്റെ ഉത്ഭവ സ്ഥാനം കണ്ടു പിടിക്കുകയും ഒഴിവാക്കുകയും ചെയ്യുക എന്നത് തന്നെയാണ്. വളരെക്കാലം തങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന ഇത്തരം അസുഖങ്ങൾ തങ്ങളുടെ തന്നെ ശ്രദ്ധ കൊണ്ട് മാറ്റിയെടുക്കാൻ കഴിഞ്ഞ അനുഭവം രണ്ടു സുഹൃത്തുക്കൾ പങ്കു വെച്ചത് നോക്കൂ. തന്റെ കൌമാര കാലം, പത്തു വർഷത്തിൽ കൂടുതൽ അലര്ജി മൂലം തുമ്മലും അതിനോട് അനുബന്ധിച്ചുണ്ടായ അസുഖം കൊണ്ട് ബുദ്ധിമുട്ടി,അനേകം ഡോക്ടര്മാരെ കാണിച്ചു,ഒരു ഫലവും കണ്ടില്ല.അക്കാലത്തെ അലറ്ജിക്കുള്ള മരുന്നുകൾ ഇന്നത്തേക്കാൾ ഉറക്കം തൂങ്ങുന്നവയായിരുന്ന (drowsy ) കാരണം തന്റെ പഠനത്തെയും കളികളേയും ബാധിച്ചിരുന്നു എന്ന് അദ്ദേഹം ഇപ്പോൾ ഓർക്കുകയാണ്. അവസാനം നാട്ടിൻ പുറത്തുള്ള ഒരു ഡോക്ടറെ കാണുകയും അദ്ദേഹം നിർദേശിച്ച പ്രകാരം ചൂട് വെള്ളത്തിലുള്ള കുളി ശീലമാക്കിയതോടെ ദീർഘ കാലം  തന്റെ ഉറക്കം കെടുത്തിയിരുന്ന തുമ്മൽ മാറിക്കിട്ടുകയും ചെയ്തെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചു മകന്റെ വാശി കാരണം കിടപ്പ് റൂമിന്റെ ഒരു മൂലയിൽ അവന്റെ ലവ് ബെര്ടിസിന്റെ കൂട് വെക്കാൻ അനുവദിച്ചു കൊടുത്തു.ഒന്ന് രണ്ടാഴ്ച കഴിഞു കാണും മകന് ശക്തമായ ശ്വാസ തടസ്സം അനുഭവപ്പെടുന്നു.ഡോക്ടർ ആസ്തമയാണെന്ന് വിധിയെഴുതുകയും മരുന്ന് കൊടുക്കുകയും ചെയ്തു.ഈ സംഭവം തന്റെ ഒരു സുഹൃത്തിനു   വിവരിച്ചു കൊടുക്കുമ്പോൾ,സുഹൃത്തിൽ നിന്നും കിട്ടിയ ഉപദേശ പ്രകാരം അയാൾ പക്ഷി കൂട് റൂമിൽ നിന്ന് മാറ്റുകയും മകനെ ഒരു വിപത്തിൽ നിന്നും രക്ഷിക്കനുമയതിന്റെ ചാരിതാർത്ഥ്യം അദ്ധേഹത്തിന്റെ മുഖത്ത് നിന്നും വായിക്കാനായി.പക്ഷിക്കൂട് മാറ്റിയതോടെ മകന് അങ്ങിനെയൊരു അസുഖം ഉണ്ടായിട്ടില്ല പോലും. ഇങ്ങിനെ അലര്ജി കൊണ്ട് ഉണ്ടാകാവുന്ന രോഗങ്ങളെ തിരിച്ചറിയാനായാൽ ചിലവയെ തടയാനും  കുറെയൊക്കെ മരുന്നുകളിൽ നിന്നും രക്ഷ നേടാനും നമുക്ക് സാധിക്കും.

പ്രഷറും പ്രമേഹവും
ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആസ്പത്രിയിലെ കണ്സല്ട്ടന്റുമായ ഡോക്ടർ എ.ഖാദർ നടത്തിയ പഠനം ശ്രദ്ധിക്കൂ.ഓരോ  മിനിട്ടിലും മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള 4 പേർ ഹൃദയ സ്തംഭനം മൂലം മരണപ്പെടുന്നു,അറ്റാക്ക്‌ കൊണ്ട് മരിക്കുന്ന ഇന്ത്യക്കാരിൽ ഇരുപത്തഞ്ചു ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്.ഇനി നമ്മുടെ കേരളമയാലോ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിൽ 90 ലക്ഷത്തോളം ബ്ലഡ്‌ പ്രഷറും 40 ലക്ഷം കേരളീയർ പ്രമേഹവും കൊണ്ട് പ്രയാസം അനുഭവിക്കുന്നവരാണ്. രോഗങ്ങളെ കുറിച്ചും മരുന്നുകളെ കുറിച്ചുമുള്ള വികലമായ ധാരണകൾ നമ്മിൽ പലരിലും ആവശ്യത്തിലധികം ആധി സൃഷ്ട്ടിക്കപ്പെടുന്നുണ്ട്,പ്രത്യേകിച്ച് ഗൾഫ്‌ നാടുകളിൽ.അല്പം ബ്ലഡ്‌ പ്രഷർ,അല്ലെങ്കിൽ കൊലെസ്റെരോൾ കൂടുതൽ കണ്ടു കഴിഞ്ഞാൽ ജീവിതം അവസാനിച്ചു എന്ന രീതിയിൽ കാണുന്ന ഒരു വിഭാഗം, എല്ലാം വരുന്നിടത്ത് വെച്ച് കാണാം എണ്ണം അതീവ ലാഘവത്വവും അപകടകരവുമായ ചിന്താ രീതിയോടെയുള്ള സമീപനം പുലർത്തുന്നവർ. ഇത് രണ്ടും ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖങ്ങളെപോലും എല്ലാം വരുന്നിടത്ത് വെച്ച് കാണാം എണ്ണം അതീവ ലാഘവത്വവും അപകടകരവുമായ ചിന്താ രീതിയോടെയുള്ള സമീപനം പുലർത്തുന്നവർ. ഇത് രണ്ടും ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖങ്ങളെപോലും സന്കീർണതയിലേക്ക് നയിക്കും എന്ന് മാത്രമല്ല സൂചി കൊണ്ടെടുക്കവുന്നതിനെ തൂമ്പ കൊണ്ട് കോരേണ്ടി വരും എന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും.

രോഗം വന്നതിനെ ശേഷമേ  നമുക്ക് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താവൂ എന്ന തെറ്റായ ധാരണ നാം മാറ്റിയേ പറ്റൂ,നമ്മുടെ നാട്ടിൽ ബേക്കറി പലഹാരങ്ങളുടെ അതിപ്രസരം നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന ഒരു കാര്യമാണ്.അത് പോലെ നാം കറികളിൽ ഉപയോഗിക്കുന്ന മസാല പൊടികൾ,മല്ലി,മഞ്ഞൾ പോലുള്ളവ ഒരു കാലത്ത് നാം തന്നെ വീടുകളിൽ അരച്ചും ഇടിച്ചും ഉപയോഗിച്ച് കൊണ്ടിരുന്നത് ഇന്ന് അങ്ങാടികളിൽ നിന്നും റെഡി മൈഡ് പാക്കറ്റുകളിൽ വരികയാണ്‌. അത്തരം പാക്കറ്റുകളിൽ നിന്ന് നമുക്ക് കിട്ടുന്ന പൌടരുകളുടെ ഗുണ മേന്മയെ കുറിച്ച് നമുക്ക് ഒരു ധാരണയും ഇല്ല.പ്രതിവിധി ഉപയോഗം കുറച്ചു കൊണ്ട് വരികയും ഇത്തരം മാസലകലോടുള്ള കമ്പം കുറക്കുകയും തന്നെയാണ്.നമ്മുടെ മക്കളെയും അത്തരം ശീലങ്ങളിൽ നിന്നും നമുക്ക് രക്ഷിക്കാൻ കഴിയും.

മലയാളിയുടെ ഭക്ഷണ രീതികൾ തന്നെയാണ് പലപ്പോഴും ഇത്തരം അസുഖങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.പഴമക്കാർ പറഞ്ഞു കേട്ടത് മനുഷ്യൻ ഒരു ചാണ്‍ വയറിനു വേണ്ടിയാണു രാപകൽ കിടന്നു കഷ്ട്ടപ്പെടുന്നതെന്നാണ്.ഇന്നാകട്ടെ ഓടുകയല്ലാതെ ഭക്ഷണം ഒരു സമയ ക്രമത്തിൽ വയറ്റിൽ എത്തിക്കാൻ നമുക്ക് നേരം കിട്ടുന്നില്ല. പ്രാതൽ നമ്മുടെ ശരീരത്തിന് തരുന്ന ഊര്ജവും ഓജസ്സും നമുക്ക് ആസ്വദിക്കാൻ കഴിയുന്നില്ല,കാരണം പ്രാതൽ നമുക്ക് പതിവില്ലാത്ത ഒരു കാര്യമാണല്ലോ,ഇനി കഴിക്കാൻ നേരം കിട്ടിയാൽ തന്നെ ഒരു 10 മണിയെങ്കിലും ആകാതെ നാം അത് കഴിക്കാറില്ല താനും.

വിശന്നു കണ്ണ് കാണാതാകുമ്പോൾ വയർ നിറയെ ഭക്ഷിക്കുക,നടക്കാനും നില്ക്കാനും പറ്റാതെ പിന്നെ അന്വേഷിക്കുന്നത് പായയാണ്‌.ഒരു സുഖ നിദ്രയും.പപ്പടവും അച്ചാറും ഇല്ലാതെ എന്താഘോഷം!മലയാളിക്ക്.രാത്രിയാണെങ്കിൽ ഭക്ഷണത്തിന് എത്ര വൈകിയാലും സന്തോഷം.അത് കഴിഞ്ഞാല കിടക്കാമല്ലോ! ഇത്തരം ഭക്ഷണ രീതികൾ പ്രമേഹം,പ്രഷർ പോലുള്ള അസുഖങ്ങളെ  ക്ഷണിച്ചു വരുത്തുന്നു.ശരിയായ ഭക്ഷണ ക്രമവും മരുന്നുകളും കൊണ്ട് ബ്ലഡ്‌ പ്രഷറും പ്രമേഹം പോലുള്ള അസുഖങ്ങളെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.

മരുന്നുകളോടുള്ള സമീപനം
ആരോഗ്യത്തിനായി പ്രാർത്ഥിക്കുക,അസുഖം വന്നു കഴിഞ്ഞാൽ അതിനു വേണ്ട പ്രതിവിധികൾ ചെയ്യുക എന്നതാണ് നമ്മുടെ ധർമം. രോഗം വന്നു കഴിഞ്ഞാൽ നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു ഡോക്ടറെ പോയി കാണുക,അദ്ധേഹത്തിന്റെ നിർദേശാനുസരണം മരുന്നുകൾ കഴിക്കുക,മരുന്നുകൾ വാങ്ങുമ്പോൾ ഡോക്ടര എഴുതിയ മരുന്ന് തന്നെയാണോ നാം വാങ്ങിയത് എന്ന് നോക്കാം,കഴിച്ചു കഴിഞ്ഞാൽ വല്ല അസ്വസ്ഥതകളും അനുഭവപ്പെട്ടാൽ അതേ ഡോക്ടറുടെ അടുത്ത് പോയി നമുക്ക് പ്രയാസങ്ങൾ പറയാം.അതിനുമപ്പുറം പ്രവീണ്യം ഇല്ലാത്ത ഒരു ആളുടെ അടുത്ത് പോയി ഇത് കഴിക്കാമോ,ഇതിനു പാര്ശ്വ ഫലങ്ങൾ ഉണ്ടോ എന്നും മറ്റുമുള്ള  നാം നടത്തുന്ന അന്വേഷണങ്ങൾ ഗുണത്തെക്കാൾ ദോഷം വരുത്തുന്നു. മരുന്നുകളും ഭക്ഷണവും വ്യാഴാമവും ഒരു പോലെ പ്രാധാന്യം ഉള്ള അസുഖങ്ങളാണ് സുഗറും പ്രഷറും.മരുന്ന് കഴിക്കുന്നത്‌ കൊണ്ട് എല്ലാമായി എന്ന തോന്നൽ ഉപേക്ഷിക്കുക.അത് പോലെ മരുന്ന് കഴിക്കുമ്പോൾ തോന്നുമ്പോൾ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക,കൃത്യമായ ഒരു സമയം കണ്ടെത്തുക.ഡോക്ടർ നിർദ്ദേശിക്കുന്ന അളവിലും സമയത്തും മരുന്ന് കഴിക്കുക. എല്ലാ മരുന്നുകൾക്കും പ്രവത്തനവും പ്രതി പ്രവര്ത്തനവും ഉണ്ട്,മരുന്നുകളുടെ കവറിനു പുറത്തും മറ്റും കാണുന്ന വിവരങ്ങൾ വായിച്ചു ഒരിക്കലും വിലയിരുത്തുകയോ നമുക്ക് പറ്റില്ല എന്ന് സ്വയം തീരുമാനിക്കുകയും ചെയ്യരുത്. സ്ഥിരമായി കഴിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ നാട്ടിൽ നിന്നും വരുന്നത് വരെ കഴിക്കാതിരിക്കുക,സമയക്കുറവും മറ്റു പ്രയാസങ്ങളും ഒഴിവു കഴിവായി എടുത്തു കൊണ്ട് പ്രഷറും മറ്റും ചെക്ക് ചെയ്യാതിരിക്കുക,ഡോക്ടർ കുറിച്ച് തന്ന മരുന്ന് വീണ്ടും ഡോക്ടറുടെ അനുവാദം ഇല്ലാതെ വാങ്ങി കഴിക്കുക,ഇതൊക്കെ നാം സ്വയം വിളിച്ചു വരുത്തുന്ന വിപത്തുകളാണ് .

നമ്മൾ വിശ്വസിക്കുന്ന എല്ലാ വൈദിക ശാസ്ത്രങ്ങളും അലോപ്പതിയവട്ടെ,ആയുർവെദമകട്ടെ എല്ലാം തന്നെ വെള്ളത്തിന്റെ ഔഷധ ഗുണവും പ്രാധാന്യവും നമ്മെ ബോധ്യപ്പെടുത്തുന്നു..ഒട്ടു മിക്ക രോഗങ്ങള്ക്കും വെള്ളം ശാന്തി നല്കുന്നു. വെള്ളം കുടിച്ചാൽ വയർ ചാടും എന്നൊക്കെയുള്ള തെറ്റ് ധാരണകൾ തിരുത്തുകയും നമ്മുടെ കുടുംബങ്ങളെയും വെള്ളത്തിന്റെ പ്രത്യേകതകൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക. ജീവ ജാലങ്ങളിൽ ഒക്സിജൻ കഴിഞ്ഞാൽ ജീവൻ നില നിർത്താൻ കാരണമാകുന്നത് വെള്ളം ആണെന്നാണ് ശാസ്ത്ര മതം.നമ്മുടെ ശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്.രക്തത്തിൽ 80%,തലച്ചോറിൽ 75%,ലിവറിൽ 96%,ഇങ്ങിനെ പോകുന്നു വെള്ളവുംനമ്മുടെ ശരീരവുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ. വെള്ളം നമ്മുടെ ശാരീരിക താപ സന്തുലിതാവസ്ഥയെ ക്രമീകരിക്കുന്നതോടൊപ്പം തന്നെ നമുക്ക് വേണ്ടാത്ത മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.മൂത്രത്തിൽ കൂടി പുറന്തള്ളപ്പെടുന്ന യൂറിക് ആസിഡ്,യൂറിയ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്.

എല്ലാം വിധി എന്ന് സമാധാനിക്കുന്നതിനു പകരം നമ്മെ കീഴ്പെടുത്താൻ വരുന്ന അസുഖങ്ങളെ,കുറെയൊക്കെ നമ്മുടെ ജീവിത ശൈലി മാറ്റിയും,നമുക്ക് ഒഴിവാക്കാൻ പറ്റിയവ  ഉപേക്ഷിച്ചും ഉപരോധിക്കാൻ ശ്രമിക്കുക,ഏവരും കാംക്ഷിക്കുക ആരോഗ്യകരമായ ഒരു ജീവിതവും മറ്റുള്ളവര്ക്ക് തന്നെ കൊണ്ട് വിഷമം ഉണ്ടാക്കാത്ത ഒരു വാർദക്യവും തന്നെയാണ്. നാം സമ്പാദിക്കാൻ ഓടുന്ന നെട്ടോട്ടം പലപ്പോഴും അവസാനിക്കുക ഒരു രോഗവസ്തയിലുള്ള ഫിനിഷിംഗ് പോയിൻറിൽ ആയിരിക്കും.നമ്മെ എല്ലാറ്റിനും പ്രാപ്തനാക്കുന്ന ശരീരം, ആരോഗ്യത്തോടെ നോക്കി പരിപാലിക്കേണ്ട ബാധ്യത നമ്മിൽ അർപിതമാണ്‌.അത്ര മതി എന്ന ഇന്നത്തെ നമ്മുടെ ലാഘവ ചിന്ത നമ്മെ പേറാൻഉള്ള ശരീരത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നു. അവസാന നമ്മുടെ സമ്പാദ്യങ്ങൾ ആകട്ടെ മരുന്നിനു തികയാതെ വരികയും ചെയ്യുന്നു. സഹതാപവും സഹായങ്ങളും നമുക്ക് ചുറ്റും ഉണ്ടാകാം,പക്ഷെ ശാരീരിക പ്രയാസങ്ങൾ പങ്കു വെക്കാൻ കഴിയില്ലല്ലോ.അല്പം സൂക്ഷ്മത വലിയൊരു ദുഃഖം ഇല്ലാതാക്കിയേക്കാം.

 
എഴുതിയത്
മജീദ്‌ മൈലശ്ശേരി

കാണികൾക്ക് ആവേശമായി ചെറിയ കുമ്പളം ടീം ...

ഖത്തർ ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി  അല്‍ വക്ര ഇൻഡോർ  സ്‌റ്റേഡിയത്തില്‍ നടന്ന  സ്പോര്ട്സ് മത്സരത്തിൽ ചെറിയകുമ്പളവും .  വോളിഖിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ദേശീയ ദിന അനുബന്ധ പ്രവര്‍ത്തനങ്ങളുടെ സംഘാടക സമിതി അല്‍ വക്ര സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച വിവിധ കായിക മത്സരങ്ങളില്‍ മുഖ്യ ഇനമായ ഇന്റര്‍ കമ്യൂണിറ്റി വോളിബോൾ  ടൂര്‍ണമെന്റില്‍ ഫിലിപ്പീന്‌സ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കളിക്കാരുടെ ഓരോ ടീമുകളും നേപാള്‍ കമ്യൂണിറ്റിയുടെ രണ്ടു ടീമുകളും ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നാല് ടീമുകളും പങ്കെടുത്തു. അതിലൊന്ന് qcmc ചെറിയ കുമ്പളമായിരുന്നു.  രാവിലെ എട്ടു മുപ്പതിന് അല്‍ വക്ര ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരം അല്‍ വക്രവെന്യൂ മാനേജര്‍ മേജര് ആരിഫ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്ക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളിൽ ചെറിയ കുമ്പളത്തിന്റെ പ്രാധിനിധ്യവും ഉണ്ടായിരുന്നു. നൂൂർ മീറ്റർ 200 മീറ്റർ ഓട്ട മത്സരം പാകിസ്താൻ ബംഗ്ലാദേശ് കുട്ടികളോടൊപ്പമായിരുന്നു.  നസീം പുനത്തില്‍ നേതൃത്വം നല്കിയ അത് ലറ്റിക്‌സ് മത്സരങ്ങല്ക്ക് തയ്യിബ നസീം സഹായിയായി ഉണ്ടായിരുന്നു.   

വോളിബോളിൽ ഗോൾഡൻ സ്റ്റാര്‍സ് ശ്രീലങ്ക മൌണ്ട് എവറസ്റ്റ് നേപ്പാള്‍ എ ടീമിനെയാണ് ആദ്യ മത്സരത്തില്‍ കീഴടക്കിയത്. രണ്ടാം മത്സരത്തില്‍ എഫ് ഐ വീ ബീ എ ഓള്‍ സ്റ്റാര്‍സ് ഫിലിപ്പീന്‌സ് ടീം മൌണ്ട് എവറസ്റ്റ് നേപ്പാള്‍ ബി ടീമിനെ പരാജയപ്പെടുത്തി. ക്യൂ സീ എം സീ ചെറിയ കുമ്പളം  പാക് ഓള്‍ സ്ടാര്‌സ് പാകിസ്ഥാനുംതമ്മിലായിരുന്നു  മൂന്നാമത്തെ മത്സരം ആവെഷപരമായ മത്സരത്തിൽ  ക്യൂ സീ എം സീ ചെറിയ കുമ്പളം പാക് ടീമിനെ തോലിപ്പിക്കുകയായിരുന്നു. ടീം മനാജേർമാരായി എത്തിയ അഷ്‌റഫ്‌ നെല്ലിയോട്ടും നൂറുധിനും ക്യു സി എംസി സിക്രട്ടറി റഷീദ് ചാലക്കരയും കളിക്കാർക്ക് ഏറെ പ്രോത്സാഹനം നല്കി. തുടര്‍ന്ന് നടന്ന ഇന്‍കാസ് ഇന്ത്യ ഫരോണ്‍ ഈജിപ്ത് മത്സരത്തില്‍ ഇന്‍കാസ് ജയം നേടി.

ആദ്യ സെമി മത്സരം  കെ എം സീ സീ സീ യും ക്യൂ സീ എം സീ ചെറിയ കുംബളവും തമ്മിലായിരുന്നു  ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം ഷഹീം അണിനിരന്ന കെ എം സീ സീ ടീമിനോട് നേരിയ പോയന്റിനാണ്  ക്യൂ സീ എം സീ ചെറിയ കുമ്പളം പരാജയപ്പെട്ടത്. പരിചയ സമ്പന്നരായ കെ എം സീ സീ താരങ്ങള്ക്കു മുന്നില്‍ പതറാതെ  ഇഞ്ചോടിഞ്ച് പോരാടി  കളിക്കുകയായിരുന്നു ചെറിയ കുമ്പളം ടീം.  ശ്രദ്ധയോടെ കളിച്ച റഫീക്ക് ആലയി  ചെറിയ കുമ്പളം ടീമിന്റെ  താരമായി മാറുകയായിരുന്നു. രണ്ടാം സെമി ഫൈനല്‍ മത്സരം ടൂര്‍ണമെന്റ് കണ്ടത്തില്‍ വെച്ച് എറ്റവും വാശിയേറിയതായി. യുവകലാ സാഹിതിയും ഇന്കാസും ഏറ്റുമുട്ടിയ മത്സരം ഇഞ്ചോടിഞ്ച് പോരാടി ലീടുകള്‍ മാറി മറിഞ്ഞു മൂന്നു സെറ്റ് വരെ നീണ്ടു. ആദ്യ സെറ്റ് ഇന്കാസ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്ത് യുവകലാ സാഹിതി കലാശക്കളിക്കുള്ള യോഗ്യത നേടി . ഫൈനല്‍ മത്സരത്തില്‍ കെ എം സീ സീ യും യുവകലാസാഹിതിയും നേര്‍ക്ക് നേര് വന്നപ്പോള്‍ ഏറെ ഒത്തിണക്കത്തോടെ കളിച്ച യുവകലാ സാഹിതി നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളികളെ കീഴടക്കി ചാമ്പ്യന്‍ഷിപ്പും സമ്മാനതുകയായ അയ്യായിരം റിയാലും സ്വന്തമാക്കി.

ആഷിക്, അബ്ദുള്ള കേളോത്ത്, ആഷിക് മാഹി, പ്രേം നാഥ്, മുഹമ്മദ് നജീബ്, മജീദ്‌  നാദാപുരം  എന്നിവര് സംഘാടനത്തിന് നേതൃത്വം നല്കിയ വോള്ളിബാൽ  ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കാര്യങ്ങള്‍ അന്‍വര്‍ ആര്‍ എന്‍, നസീം പുനത്തില്‍ എന്നിവര് നിയന്ത്രിച്ചു. അമ്മദ് കെ പീ, ബൈജു കെ ഈ, ഹാരിസ് , ധനേഷ് , മജീദ് നാദാപുരം, ഹമീദ് പള്ളിയത്ത് , മഹറൂഫ് മട്ടന്നൂര്‍ , ശിഹാബുദ്ദിന്‍ എന്നിവര് വിവിധ ടീമുകളുടെ കോര്ടിനാഷന്‍ നിര്‍വഹിച്ചു . അല്‍ വക്ര സ്‌ടേഡിയത്തിലെ മൂന്ന് ഗ്രൗണ്ടുകളിലായി നടന്ന വോളിബോൾ , ഫോട്ബാൽ , അത് ലറ്റിക്‌സ് എന്നീ പരിപാടികള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുഹമ്മദ് ഈസയും പരിപാടികള്‍ ഏകോപിപ്പിക്കാൻ ആഷിക് അഹമ്മദും മജീദ്‌ നാദാപുരവും ഉണ്ടായിരുന്നു .
 











ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി വക്ര ഇൻഡോർ സ്ടാടിയത്തിൽ മിനിസ്ട്രി ഓഫ് ഇന്റെരിഒരുമായി സഹകരിച്ചു വോളിക്ക് നടത്തുന്ന വോളി ബോൾ മത്സരത്തിൽ വിവിധ രാജ്യങ്ങളിലുള്ള ടീമുകൾക്ക് വേണ്ടിയുള്ള  ജയ്സി പ്രസ്‌ മീറ്റിൽ വെച്ചു  ക്യാപ്ടൻ മുബാറക് സാലേം അൽബുഅനൈൻ ന്റെയും മാന ഇബ്രാഹിം അൽ മാനയുടെയും സാന്നിധ്യത്തിൽ റിലീസ് ചെയ്തു.