ലേഖനങ്ങൾ

  അല്പം ചില ആരോഗ്യ ചിന്തകൾ

അല്പം ചില ആരോഗ്യ ചിന്തകൾ
വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണ് ചൊല്ലെങ്കിലും ചിലതൊക്കെ വഴിയിൽ തടഞ്ഞു വെക്കാൻ പറ്റും. നമ്മെ ഏറ്റവും അസ്വസ്ഥരാക്കുന്ന ഒന്നാണ്  രോഗങ്ങൾ,അവയിൽ  നിസ്സാരമെന്നു കരുതുന്ന ചില രോഗങ്ങൾ വളരെ സാരമയതോ സാരമെന്നു കരുതുന്നത് നേരെ മറിച്ചോ ആകാവുന്ന സ്ഥിതിവിശേഷം ഉണ്ടാകാം, രോഗം വന്നാൽ അതിനുള്ള പ്രധിവിധി ചികിത്സയാണ്.എന്നാൽ രോഗത്തെ വരാതെ തടയാൻ ശ്രമിക്കുക എന്നതും ചികിത്സയോളം തന്നെ പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണ്.ഒട്ടു മിക്ക രോഗങ്ങളും പ്രത്യേകിച്ച് അലര്ജി കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾ എങ്ങിനെ തടയാം എന്നതിലേക്ക് ഒരു പരിശോധന നടത്താം. നമ്മുടെ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ മിക്കവരിലും കാണുന്ന ഒട്ടനേകം രോഗങ്ങൾ അലര്ജി മൂലം ഉണ്ടാകുന്നു. പൊടി പടലങ്ങൾ,പക്ഷി-മൃഗാതികൾ,ചിത്ര ശലഭങ്ങൾ തുടങ്ങി ചില തരം ഭക്ഷണങ്ങൾ എന്നിവയെല്ലാം അലര്ജി ഉണ്ടാക്കവുന്നവയാണ്.നമ്മുടെ ശരീരം ഒരു വസ്തുവുമായി പോരുത്തപെടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്തകളാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ അലര്ജി.അത് ശ്വസിക്കുന്നത് മൂലമോ ഭക്ഷണത്തിൽ കൂടിയോ സ്പർശനത്തിൽ കൂടിയോ പോലും വരാം.കണ്ണ് ചൊറിച്ചിൽ,മൂക്ക് ഒലിപ്പു,തുമ്മൽ,ശരീരം ചൊറിഞ്ഞു തടിക്കുക,വയറിളക്കം പോലുള്ള അസുഖങ്ങളും അലര്ജി കൊണ്ട് ഉണ്ടാകാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള അലര്ജി കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ചികിത്സ തേടുന്നതിനൊപ്പം തന്നെ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തി നോക്കാം,പൊടി (dust )ആണ് പ്രശ്നമെങ്കിൽ മാസ്ക് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് കുറെയെങ്കിലും രക്ഷ നേടാം.കുളി കഴിഞ്ഞുള്ള ചൊറിച്ചിൽ ഉണ്ടെങ്കിൽ സോപ്പ് മാറി വേറൊരു സോപ്പിനെ പരീക്ഷിച്ചു നോക്കാം,ഭക്ഷണം കഴിച്ചുള്ള പ്രയാസങ്ങളാണ് എങ്കിൽ അടുത്ത പ്രാവശ്യം അത് ഒഴിവാക്കി നോക്കാം. ഒരു രോഗവും സ്വയം ചികില്സിക്കരുത്,മേല്പറഞ്ഞ കാര്യങ്ങൾ വന്ന രോഗത്തെ പറ്റിയല്ല അടുത്ത രോഗം വരാതിരിക്കാൻ ഉള്ള മുന്കരുതലിനു വേണ്ടി മാത്രമാണ്.

കാലാവസ്ഥ വ്യതിയാനങ്ങൾ കൂടി അലർജിയുടെ കാരണങ്ങളിൽ പെടുത്താവുന്നവയാണ് എങ്കിലും പ്രധാനം പൊടി പടലങ്ങളും അത് പോലുള്ള നമ്മുടെ കണ്ണിൽ പെടുന്നതും അല്ലാത്തതുമായ  നമുക്ക് വസ്തുക്കളുമാണ്.ഇന്ന് ലോകം ചര്ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിൽ പെട്ട ഒന്ന് നമ്മടെ ഭൂമിയെയും അന്തരീക്ഷത്തെയും അപകടത്തിലാക്കുന്ന വായു മലിനീകരണം  എങ്ങിനെ ലഘൂകരിക്കാം എന്നതാണ്. വാഹനങ്ങളുടെ അതിപ്രസരവും വരണ്ടുണങ്ങുന്ന നമ്മുടെ മണ്ണും നിര്മാണ പ്രവര്ത്തനങ്ങളും കാരണം  നമ്മുടെ ഗ്രാമീണ പരിസരങ്ങൾ പോലും  പൊടി പടലങ്ങളാൽ വീര്പ്പു മുട്ടുകയാണ്.

നമ്മുടെ കുഞ്ഞുങ്ങളെ ആഗോള താപനത്തെയും അന്തരീക്ഷ മലിനീകരത്തെയും പറ്റി പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലാത്ത സ്ഥിതിക്ക് അവരുടെ രക്ഷാ കവജം ആകുക എന്നതാണ് നമ്മുടെ കടമ. കുഞ്ഞുങ്ങളിൽ അടിക്കടി അലര്ജി മൂലം ഉണ്ടാകുന്ന അസുഖങ്ങൾ മുതിർന്നവർ തിരിച്ചറിയുകയും അവരെ ചികില്സിക്കുന്നതോടൊപ്പം തന്നെ വീണ്ടും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. അലര്ജി മൂലം ഉണ്ടാകുന്ന അസുഖങ്ങൾക്ക് ശാശ്വത പരിഹാരം അതിന്റെ ഉത്ഭവ സ്ഥാനം കണ്ടു പിടിക്കുകയും ഒഴിവാക്കുകയും ചെയ്യുക എന്നത് തന്നെയാണ്. വളരെക്കാലം തങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന ഇത്തരം അസുഖങ്ങൾ തങ്ങളുടെ തന്നെ ശ്രദ്ധ കൊണ്ട് മാറ്റിയെടുക്കാൻ കഴിഞ്ഞ അനുഭവം രണ്ടു സുഹൃത്തുക്കൾ പങ്കു വെച്ചത് നോക്കൂ. തന്റെ കൌമാര കാലം, പത്തു വർഷത്തിൽ കൂടുതൽ അലര്ജി മൂലം തുമ്മലും അതിനോട് അനുബന്ധിച്ചുണ്ടായ അസുഖം കൊണ്ട് ബുദ്ധിമുട്ടി,അനേകം ഡോക്ടര്മാരെ കാണിച്ചു,ഒരു ഫലവും കണ്ടില്ല.അക്കാലത്തെ അലറ്ജിക്കുള്ള മരുന്നുകൾ ഇന്നത്തേക്കാൾ ഉറക്കം തൂങ്ങുന്നവയായിരുന്ന (drowsy ) കാരണം തന്റെ പഠനത്തെയും കളികളേയും ബാധിച്ചിരുന്നു എന്ന് അദ്ദേഹം ഇപ്പോൾ ഓർക്കുകയാണ്. അവസാനം നാട്ടിൻ പുറത്തുള്ള ഒരു ഡോക്ടറെ കാണുകയും അദ്ദേഹം നിർദേശിച്ച പ്രകാരം ചൂട് വെള്ളത്തിലുള്ള കുളി ശീലമാക്കിയതോടെ ദീർഘ കാലം  തന്റെ ഉറക്കം കെടുത്തിയിരുന്ന തുമ്മൽ മാറിക്കിട്ടുകയും ചെയ്തെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചു മകന്റെ വാശി കാരണം കിടപ്പ് റൂമിന്റെ ഒരു മൂലയിൽ അവന്റെ ലവ് ബെര്ടിസിന്റെ കൂട് വെക്കാൻ അനുവദിച്ചു കൊടുത്തു.ഒന്ന് രണ്ടാഴ്ച കഴിഞു കാണും മകന് ശക്തമായ ശ്വാസ തടസ്സം അനുഭവപ്പെടുന്നു.ഡോക്ടർ ആസ്തമയാണെന്ന് വിധിയെഴുതുകയും മരുന്ന് കൊടുക്കുകയും ചെയ്തു.ഈ സംഭവം തന്റെ ഒരു സുഹൃത്തിനു   വിവരിച്ചു കൊടുക്കുമ്പോൾ,സുഹൃത്തിൽ നിന്നും കിട്ടിയ ഉപദേശ പ്രകാരം അയാൾ പക്ഷി കൂട് റൂമിൽ നിന്ന് മാറ്റുകയും മകനെ ഒരു വിപത്തിൽ നിന്നും രക്ഷിക്കനുമയതിന്റെ ചാരിതാർത്ഥ്യം അദ്ധേഹത്തിന്റെ മുഖത്ത് നിന്നും വായിക്കാനായി.പക്ഷിക്കൂട് മാറ്റിയതോടെ മകന് അങ്ങിനെയൊരു അസുഖം ഉണ്ടായിട്ടില്ല പോലും. ഇങ്ങിനെ അലര്ജി കൊണ്ട് ഉണ്ടാകാവുന്ന രോഗങ്ങളെ തിരിച്ചറിയാനായാൽ ചിലവയെ തടയാനും  കുറെയൊക്കെ മരുന്നുകളിൽ നിന്നും രക്ഷ നേടാനും നമുക്ക് സാധിക്കും.

പ്രഷറും പ്രമേഹവും
ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആസ്പത്രിയിലെ കണ്സല്ട്ടന്റുമായ ഡോക്ടർ എ.ഖാദർ നടത്തിയ പഠനം ശ്രദ്ധിക്കൂ.ഓരോ  മിനിട്ടിലും മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള 4 പേർ ഹൃദയ സ്തംഭനം മൂലം മരണപ്പെടുന്നു,അറ്റാക്ക്‌ കൊണ്ട് മരിക്കുന്ന ഇന്ത്യക്കാരിൽ ഇരുപത്തഞ്ചു ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്.ഇനി നമ്മുടെ കേരളമയാലോ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിൽ 90 ലക്ഷത്തോളം ബ്ലഡ്‌ പ്രഷറും 40 ലക്ഷം കേരളീയർ പ്രമേഹവും കൊണ്ട് പ്രയാസം അനുഭവിക്കുന്നവരാണ്. രോഗങ്ങളെ കുറിച്ചും മരുന്നുകളെ കുറിച്ചുമുള്ള വികലമായ ധാരണകൾ നമ്മിൽ പലരിലും ആവശ്യത്തിലധികം ആധി സൃഷ്ട്ടിക്കപ്പെടുന്നുണ്ട്,പ്രത്യേകിച്ച് ഗൾഫ്‌ നാടുകളിൽ.അല്പം ബ്ലഡ്‌ പ്രഷർ,അല്ലെങ്കിൽ കൊലെസ്റെരോൾ കൂടുതൽ കണ്ടു കഴിഞ്ഞാൽ ജീവിതം അവസാനിച്ചു എന്ന രീതിയിൽ കാണുന്ന ഒരു വിഭാഗം, എല്ലാം വരുന്നിടത്ത് വെച്ച് കാണാം എണ്ണം അതീവ ലാഘവത്വവും അപകടകരവുമായ ചിന്താ രീതിയോടെയുള്ള സമീപനം പുലർത്തുന്നവർ. ഇത് രണ്ടും ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖങ്ങളെപോലും എല്ലാം വരുന്നിടത്ത് വെച്ച് കാണാം എണ്ണം അതീവ ലാഘവത്വവും അപകടകരവുമായ ചിന്താ രീതിയോടെയുള്ള സമീപനം പുലർത്തുന്നവർ. ഇത് രണ്ടും ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖങ്ങളെപോലും സന്കീർണതയിലേക്ക് നയിക്കും എന്ന് മാത്രമല്ല സൂചി കൊണ്ടെടുക്കവുന്നതിനെ തൂമ്പ കൊണ്ട് കോരേണ്ടി വരും എന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും.

രോഗം വന്നതിനെ ശേഷമേ  നമുക്ക് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താവൂ എന്ന തെറ്റായ ധാരണ നാം മാറ്റിയേ പറ്റൂ,നമ്മുടെ നാട്ടിൽ ബേക്കറി പലഹാരങ്ങളുടെ അതിപ്രസരം നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന ഒരു കാര്യമാണ്.അത് പോലെ നാം കറികളിൽ ഉപയോഗിക്കുന്ന മസാല പൊടികൾ,മല്ലി,മഞ്ഞൾ പോലുള്ളവ ഒരു കാലത്ത് നാം തന്നെ വീടുകളിൽ അരച്ചും ഇടിച്ചും ഉപയോഗിച്ച് കൊണ്ടിരുന്നത് ഇന്ന് അങ്ങാടികളിൽ നിന്നും റെഡി മൈഡ് പാക്കറ്റുകളിൽ വരികയാണ്‌. അത്തരം പാക്കറ്റുകളിൽ നിന്ന് നമുക്ക് കിട്ടുന്ന പൌടരുകളുടെ ഗുണ മേന്മയെ കുറിച്ച് നമുക്ക് ഒരു ധാരണയും ഇല്ല.പ്രതിവിധി ഉപയോഗം കുറച്ചു കൊണ്ട് വരികയും ഇത്തരം മാസലകലോടുള്ള കമ്പം കുറക്കുകയും തന്നെയാണ്.നമ്മുടെ മക്കളെയും അത്തരം ശീലങ്ങളിൽ നിന്നും നമുക്ക് രക്ഷിക്കാൻ കഴിയും.

മലയാളിയുടെ ഭക്ഷണ രീതികൾ തന്നെയാണ് പലപ്പോഴും ഇത്തരം അസുഖങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.പഴമക്കാർ പറഞ്ഞു കേട്ടത് മനുഷ്യൻ ഒരു ചാണ്‍ വയറിനു വേണ്ടിയാണു രാപകൽ കിടന്നു കഷ്ട്ടപ്പെടുന്നതെന്നാണ്.ഇന്നാകട്ടെ ഓടുകയല്ലാതെ ഭക്ഷണം ഒരു സമയ ക്രമത്തിൽ വയറ്റിൽ എത്തിക്കാൻ നമുക്ക് നേരം കിട്ടുന്നില്ല. പ്രാതൽ നമ്മുടെ ശരീരത്തിന് തരുന്ന ഊര്ജവും ഓജസ്സും നമുക്ക് ആസ്വദിക്കാൻ കഴിയുന്നില്ല,കാരണം പ്രാതൽ നമുക്ക് പതിവില്ലാത്ത ഒരു കാര്യമാണല്ലോ,ഇനി കഴിക്കാൻ നേരം കിട്ടിയാൽ തന്നെ ഒരു 10 മണിയെങ്കിലും ആകാതെ നാം അത് കഴിക്കാറില്ല താനും.

വിശന്നു കണ്ണ് കാണാതാകുമ്പോൾ വയർ നിറയെ ഭക്ഷിക്കുക,നടക്കാനും നില്ക്കാനും പറ്റാതെ പിന്നെ അന്വേഷിക്കുന്നത് പായയാണ്‌.ഒരു സുഖ നിദ്രയും.പപ്പടവും അച്ചാറും ഇല്ലാതെ എന്താഘോഷം!മലയാളിക്ക്.രാത്രിയാണെങ്കിൽ ഭക്ഷണത്തിന് എത്ര വൈകിയാലും സന്തോഷം.അത് കഴിഞ്ഞാല കിടക്കാമല്ലോ! ഇത്തരം ഭക്ഷണ രീതികൾ പ്രമേഹം,പ്രഷർ പോലുള്ള അസുഖങ്ങളെ  ക്ഷണിച്ചു വരുത്തുന്നു.ശരിയായ ഭക്ഷണ ക്രമവും മരുന്നുകളും കൊണ്ട് ബ്ലഡ്‌ പ്രഷറും പ്രമേഹം പോലുള്ള അസുഖങ്ങളെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.

മരുന്നുകളോടുള്ള സമീപനം
ആരോഗ്യത്തിനായി പ്രാർത്ഥിക്കുക,അസുഖം വന്നു കഴിഞ്ഞാൽ അതിനു വേണ്ട പ്രതിവിധികൾ ചെയ്യുക എന്നതാണ് നമ്മുടെ ധർമം. രോഗം വന്നു കഴിഞ്ഞാൽ നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു ഡോക്ടറെ പോയി കാണുക,അദ്ധേഹത്തിന്റെ നിർദേശാനുസരണം മരുന്നുകൾ കഴിക്കുക,മരുന്നുകൾ വാങ്ങുമ്പോൾ ഡോക്ടര എഴുതിയ മരുന്ന് തന്നെയാണോ നാം വാങ്ങിയത് എന്ന് നോക്കാം,കഴിച്ചു കഴിഞ്ഞാൽ വല്ല അസ്വസ്ഥതകളും അനുഭവപ്പെട്ടാൽ അതേ ഡോക്ടറുടെ അടുത്ത് പോയി നമുക്ക് പ്രയാസങ്ങൾ പറയാം.അതിനുമപ്പുറം പ്രവീണ്യം ഇല്ലാത്ത ഒരു ആളുടെ അടുത്ത് പോയി ഇത് കഴിക്കാമോ,ഇതിനു പാര്ശ്വ ഫലങ്ങൾ ഉണ്ടോ എന്നും മറ്റുമുള്ള  നാം നടത്തുന്ന അന്വേഷണങ്ങൾ ഗുണത്തെക്കാൾ ദോഷം വരുത്തുന്നു. മരുന്നുകളും ഭക്ഷണവും വ്യാഴാമവും ഒരു പോലെ പ്രാധാന്യം ഉള്ള അസുഖങ്ങളാണ് സുഗറും പ്രഷറും.മരുന്ന് കഴിക്കുന്നത്‌ കൊണ്ട് എല്ലാമായി എന്ന തോന്നൽ ഉപേക്ഷിക്കുക.അത് പോലെ മരുന്ന് കഴിക്കുമ്പോൾ തോന്നുമ്പോൾ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക,കൃത്യമായ ഒരു സമയം കണ്ടെത്തുക.ഡോക്ടർ നിർദ്ദേശിക്കുന്ന അളവിലും സമയത്തും മരുന്ന് കഴിക്കുക. എല്ലാ മരുന്നുകൾക്കും പ്രവത്തനവും പ്രതി പ്രവര്ത്തനവും ഉണ്ട്,മരുന്നുകളുടെ കവറിനു പുറത്തും മറ്റും കാണുന്ന വിവരങ്ങൾ വായിച്ചു ഒരിക്കലും വിലയിരുത്തുകയോ നമുക്ക് പറ്റില്ല എന്ന് സ്വയം തീരുമാനിക്കുകയും ചെയ്യരുത്. സ്ഥിരമായി കഴിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ നാട്ടിൽ നിന്നും വരുന്നത് വരെ കഴിക്കാതിരിക്കുക,സമയക്കുറവും മറ്റു പ്രയാസങ്ങളും ഒഴിവു കഴിവായി എടുത്തു കൊണ്ട് പ്രഷറും മറ്റും ചെക്ക് ചെയ്യാതിരിക്കുക,ഡോക്ടർ കുറിച്ച് തന്ന മരുന്ന് വീണ്ടും ഡോക്ടറുടെ അനുവാദം ഇല്ലാതെ വാങ്ങി കഴിക്കുക,ഇതൊക്കെ നാം സ്വയം വിളിച്ചു വരുത്തുന്ന വിപത്തുകളാണ് .

നമ്മൾ വിശ്വസിക്കുന്ന എല്ലാ വൈദിക ശാസ്ത്രങ്ങളും അലോപ്പതിയവട്ടെ,ആയുർവെദമകട്ടെ എല്ലാം തന്നെ വെള്ളത്തിന്റെ ഔഷധ ഗുണവും പ്രാധാന്യവും നമ്മെ ബോധ്യപ്പെടുത്തുന്നു..ഒട്ടു മിക്ക രോഗങ്ങള്ക്കും വെള്ളം ശാന്തി നല്കുന്നു. വെള്ളം കുടിച്ചാൽ വയർ ചാടും എന്നൊക്കെയുള്ള തെറ്റ് ധാരണകൾ തിരുത്തുകയും നമ്മുടെ കുടുംബങ്ങളെയും വെള്ളത്തിന്റെ പ്രത്യേകതകൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക. ജീവ ജാലങ്ങളിൽ ഒക്സിജൻ കഴിഞ്ഞാൽ ജീവൻ നില നിർത്താൻ കാരണമാകുന്നത് വെള്ളം ആണെന്നാണ് ശാസ്ത്ര മതം.നമ്മുടെ ശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്.രക്തത്തിൽ 80%,തലച്ചോറിൽ 75%,ലിവറിൽ 96%,ഇങ്ങിനെ പോകുന്നു വെള്ളവുംനമ്മുടെ ശരീരവുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ. വെള്ളം നമ്മുടെ ശാരീരിക താപ സന്തുലിതാവസ്ഥയെ ക്രമീകരിക്കുന്നതോടൊപ്പം തന്നെ നമുക്ക് വേണ്ടാത്ത മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.മൂത്രത്തിൽ കൂടി പുറന്തള്ളപ്പെടുന്ന യൂറിക് ആസിഡ്,യൂറിയ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്.

എല്ലാം വിധി എന്ന് സമാധാനിക്കുന്നതിനു പകരം നമ്മെ കീഴ്പെടുത്താൻ വരുന്ന അസുഖങ്ങളെ,കുറെയൊക്കെ നമ്മുടെ ജീവിത ശൈലി മാറ്റിയും,നമുക്ക് ഒഴിവാക്കാൻ പറ്റിയവ  ഉപേക്ഷിച്ചും ഉപരോധിക്കാൻ ശ്രമിക്കുക,ഏവരും കാംക്ഷിക്കുക ആരോഗ്യകരമായ ഒരു ജീവിതവും മറ്റുള്ളവര്ക്ക് തന്നെ കൊണ്ട് വിഷമം ഉണ്ടാക്കാത്ത ഒരു വാർദക്യവും തന്നെയാണ്. നാം സമ്പാദിക്കാൻ ഓടുന്ന നെട്ടോട്ടം പലപ്പോഴും അവസാനിക്കുക ഒരു രോഗവസ്തയിലുള്ള ഫിനിഷിംഗ് പോയിൻറിൽ ആയിരിക്കും.നമ്മെ എല്ലാറ്റിനും പ്രാപ്തനാക്കുന്ന ശരീരം, ആരോഗ്യത്തോടെ നോക്കി പരിപാലിക്കേണ്ട ബാധ്യത നമ്മിൽ അർപിതമാണ്‌.അത്ര മതി എന്ന ഇന്നത്തെ നമ്മുടെ ലാഘവ ചിന്ത നമ്മെ പേറാൻഉള്ള ശരീരത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നു. അവസാന നമ്മുടെ സമ്പാദ്യങ്ങൾ ആകട്ടെ മരുന്നിനു തികയാതെ വരികയും ചെയ്യുന്നു. സഹതാപവും സഹായങ്ങളും നമുക്ക് ചുറ്റും ഉണ്ടാകാം,പക്ഷെ ശാരീരിക പ്രയാസങ്ങൾ പങ്കു വെക്കാൻ കഴിയില്ലല്ലോ.അല്പം സൂക്ഷ്മത വലിയൊരു ദുഃഖം ഇല്ലാതാക്കിയേക്കാം.

 
എഴുതിയത്
മജീദ്‌ മൈലശ്ശേരി

 --------------------------------------------------------------

 

പുണ്യഭൂമിയില്‍...ഇത്തിരി നാള്‍..........


പുണ്യ  ഭൂമിയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍  എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത  ഭാവം. 

ദൈവീക ദര്‍ശനത്തിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മക്കയെ ഒന്നുകൂടി പുല്‍കാന്‍ അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചു  കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയും ആത്മ വിശുദ്ധിയും  അല്പ്പമെന്കിലും  ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. 


പൊള്ളുന്ന ചൂടിലും ഹൃദയം തണുപ്പിക്കുന്ന എന്തോ ഒരു ശക്തി എന്നിലേക്ക് വന്നടുത്ത പോലെ ... എന്തായിരിക്കും ആ
  ശക്തി ?. സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന  ഏത് ദിവ്യ ജ്യോതിസ്സാണ് എന്നെ പോലെ പതിനായിരങ്ങളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്....
 ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍  പാപമോചനത്തിനായുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍... തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും  നിറച്ച ഭാണ്ഡം ദൈവത്തിന്റെ മുന്നില്‍  ഇറക്കി വെച്ച് , പല ദേശങ്ങളില്‍ പല ഭാഷകളില്‍ ഉള്ളവര്‍ വിശുദ്ധ കഅബാലയത്തിന്റെ വാതില്‍ പ്പടിയില്‍ എല്ലാം അര്‍പ്പിച്ചു വിനീതനായ ദാസനായി ആരാധനാകര്‍മ്മങ്ങളില്‍ നിരതനാകുന്നു... എല്ലാവരുടെ മനസ്സിലും ഒരേ മന്ത്രം....... ഒരേ ഭക്തിയും ഭയപ്പാടും മാത്രം ..അവിടെ വര്‍ണ്ണമോ ഭാഷയോ ഒന്നും തന്നെ പ്രശ്നമാകുന്നില്ല ..ഏതു  പാതിരാവിലും ദൈവത്തെ മാത്രം ഭയന്ന് ഹറമിനെ ലക്ഷ്യം  വെച്ച് നടന്നു നീങ്ങുന്ന വിനീത ദാസന്മാര്‍ മാത്രം..അവര്‍ ഹൃദയത്തില്‍ തട്ടി  നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹറമിന്റെ ചുറ്റും ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന  പര്‍വ്വതങ്ങളും മൂക സാക്ഷിയാകുന്ന പോലെ.... 

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ്  ഹജ്ജും ഉംറയും ....


ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെ ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു; സഫാ മ ര്‍ വ മലകള്ക്കിടയിലൂടെ ഓടുന്നു. .ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്റെ    ഈരടികള്ഏറ്റു  ചൊല്ലി മുന്നേറുന്നു..

ഹജ്ജിന്റെ വേളയിലെ മുഖ്യ സ്ഥലങ്ങളായ അറഫാ മൈതാനിയിലൂടെയും  മീനാ താഴ്വരയിലൂടെയും സഞ്ചരിച്ചപ്പോള്‍  ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്ന ഹാജിമാര്‍ ഒന്നിച്ചു  ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയ  അവരുടെ ചുണ്ടില്‍ നിന്നും ഒരേ സ്വരത്തില്‍ വന്ന  മന്ത്ര ധ്വനികള്‍  കര്‍ണ്ണ പുടങ്ങളില്‍  ഒന്നിച്ചലയടിച്ചത് പോലെ ഒരു തോന്നല്‍.."ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

അറഫയുടെയും മുസ്ദലിഫയുടെയും ഇടയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ ദൈവീക കോപത്തിനിടയായ വാദി മുഹസ്സിര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ക അബാലയത്തെ നശിപ്പിക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയെ നശിപ്പിക്കാനെത്തിയ അബാബീല്‍ പക്ഷികളുടെ കൊക്കുകളില്‍ കൊത്തിയെടുത്ത ചുടുകല്ലുകള്‍  എന്നിലേക്ക് പതിക്കുകയും  അഹങ്കാരത്തിന്റെ അഗ്രപാളിയില്‍  നിന്നും പാപങ്ങള്‍ ഉരുകിയോലിക്കുംപോലെ ...ദൈവീക ശിക്ഷ ഇറങ്ങിയ ആ സ്ഥലത്ത് നബി (സ്വ) അധിക സമയം നില്‍ക്കാരുണ്ടായിരുന്നില്ല എന്നു യാത്രാ അമീര്‍ ഓര്‍മിപ്പിച്ചു. ഒരുവര്‍ഷത്തില്‍ ഒരു ദിവസം മാത്രം നമസ്ക്കാരം നിര്‍വ്വഹിക്കുന്ന മസ്ജിദുന്നമിറയും കടന്നു..ചരിത്രസത്യം ഉറങ്ങി ക്കിടക്കുന്ന പാദയോരങ്ങളിലൂടെ മുന്നേറി..
                       ഹജ്ജു വേളയില്‍  മാത്രം ഉപയോഗിക്കുന്ന ടെന്റുകള്‍ ..
ഹിറ സന്ദര്‍ശനം ഓര്‍മകളില്‍ തങ്ങി നില്‍കുന്ന  ഒരനുഭവമായി ഇന്നും ശേഷിക്കുന്നു. കൂട്ടത്തിലുള്ള യുവാക്കളും യുവതികളും ജബലുന്നൂറു   ചവിട്ടിക്കയറുമ്പോള്‍  അനാരോഗ്യത്തെയും ഇതിനു മുന്‍പ് കയറിയ സംത്ര്‍പ്തിയെയും  കൂട്ട് പിടിച്ച്  കാഴ്ചക്കാരിയായി നോക്കി നില്കാനെ എനിക്കായുള്ളൂ. എങ്കിലും റസൂലും (സ )ഖദീജയും (റ) എന്റെ  മനോമുകുരത്തില്‍ ഒരായിരം ചിന്തകള്‍ക്ക്‌  തീ കൊളുത്തി.
"ജന്നത്തുല്‍ മഅല്ല " എന്ന സ്ഥലം സന്ദര്ശിച്ചപ്പോള്‍   നബിയുടെ പ്രിയ പത്നി ഖദീജാ ബീവിയുടെ സ്നേഹനിറഞ്ഞ  ദാമ്പത്യജീവിതം കാരണം അവരുടെ വിരഹത്തില്‍ നബിയുടെ ദുഖത്തിന്റെ അഗാധതയെ ഓര്‍മ്മപ്പെടുത്തി..
സൗര്‍ ഗുഹയുടെ താഴ്വാരത്തില്‍ എത്തിയപ്പോള്‍ സുറാക്കത്തിബിനു മാലിക്കിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ചെവികളില്‍ അലയടിക്കുംപോലെ.....

അഞ്ചു ദിവസത്തെ മക്കാ ജീവിതത്തിനു ശേഷം ഞങ്ങളുടെ സംഘം മദീനത്തുന്നബി  ലക്ഷ്യ മാക്കി യാത്ര തിരിച്ചു. രാവിലെ ഒമ്പത്‌ മണിക്ക് യാത്രതിരിച്ച സംഘം അധികം വൈകാതെ തന്നെ മദീന പുല്‍കി.. അന്സാരുകളുടെയും  മുഹാജിറുകളുടെയും പങ്കു വെപ്പുകള്‍ യാതൊരു നീക്കി വെപ്പുമില്ലാതെ യാത്രാ അമീര്‍  വിവരിച്ചപ്പോള്‍ സഹായാത്രികരില്‍  പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍ത്തരികളെ കണ്ടു ... പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്കര്‍(റ)ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു അല്ലാഹുവിനോട്  പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം  തിക്കിലും തിരക്കിലും തുടര്‍ന്ന് കൊണ്ടേയിരുന്നു.... മസ്ജിദുന്നബവിയില്‍ ഇബാദത്തുകള്‍ക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ(روضة ). നബി(സ)യുടെ മിമ്പരിന്റെയും ആ‌ഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയുകയുണ്ടായി: "എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒരു തോപ്പാകുന്നു." പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു.

ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്

പുറത്തിറങ്ങി മദീന പട്ടണത്തിലെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങളെല്ലാവരും പുറപ്പെടുമ്പോള്മനസ്സ്‌ ചരിത്രസത്യങ്ങളുടെ പിന്നാലെ ഓടിയടുക്കാന്‍ ശ്രമിക്കുകയായിരുന്നു....പല ചരിത്ര സംഭവങ്ങളും നടന്ന..മുത്ത്‌ നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെ .ബസ്സ്‌  ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി. മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്.

 ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍.നബി (സ)യുടെ വാക്കിനെ ധിക്കരിച്ചു, യുദ്ധം മുസ്ലിങ്ങള്‍ക്ക്‌ അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി  
 മഹാനായ ഹംസ(റ) യും, മിസ്‌ അബ്  ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും യുദ്ധ  ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ 

                           ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥല
                  
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതംനാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്
 മസ്ജിദുല്‍ ഖുബ, (തഖ് വ യില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്ന് ഖുര്‍ആന്‍ ഭാഷ്യം)  സന്ദര്‍ശിച്ചു.
മസ്ജിദുല്‍ ഖിബലതൈന്‍  ആയിരുന്നു അടുത്ത ഊഴം. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു.

 ഖുറാന്‍ അഹ്സാബ് എന്ന പേരില്‍ വിശേഷിപ്പിച്ച ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ;സബ അ മസാജിട് എന്നാ പേരില്‍ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും ഇന്നിവിടെ അഞ്ചു പള്ളികള്‍ ആണ് നമുക്ക് കാണാന്‍ കഴിയുന്നത് ...
അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4.  (മസ്ജിദു ഫാത്വിമതുസ്സഹ്റാ(റ)  (5. )മസ്ജിദു ഫതഹ്

 മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
പെരുന്നാളുകളിലും മറ്റും   നബിയും സഹാബാക്കളും ഒരുമിച്ചുകൂടിയിരുന്ന ഈദ്‌ ഗാഹും ഇവിടെ ആയിരുന്നു  ..മൈദാനുല്‍  മുസല്ല എന്നും നബി ഈ സ്ഥലത്തെ വിളിച്ചിരുന്നു...
അബിസീനിയയിലെ രാജാവായ നജ്ജാശി രാജാവിന് വേണ്ടിയുള്ള മയ്യിത്ത്‌ നമസ്ക്കാരവും  നബി നമസ്ക്കരിച്ചത് ഇവിടെയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം ..

സഖീഫത് ബനൂ സ ഈദ തോട്ടം :നബി( സ്വ) വിട പറഞ്ഞ സമയം ഇനി അടുത്ത ഭരണാധികാരി ആര് എന്നാ ചര്‍ച്ച വരികയും ആ ചര്‍ച്ചയ്ക്ക് തീരുമാനം ആകുംവരെ നബിയെ മറവു ചെയ്യാതെ ചര്‍ച്ച മൂന്നു ദിവസം വരെ തുടരുകയും അവസാനം അബൂബക്കറിന്റെ  (റ) നെ ഖലീഫയായി തെരഞ്ഞെടുക്കാനായി ഒത്തു കൂടിയ  സ്ഥലമാണ് ഹദീഖത്തുല്‍ ബൈഅ എന്നറിയപ്പെടുന്ന തോട്ടം ..
                                 ഹദീഖത്തുല്‍ ബൈഅ
ബിഅറ അരീസ്:
സ്വിദ്ദീഖ്(റ)ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കയ്യില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.

പുണ്യ ഭൂമികളിലൂടെ യുള്ള യാത്ര അനിര്‍വജനീയമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ............... 

ഇങ്ങിനെ ഒട്ടേറെ ചരിത്ര ശേഷിപ്പുകളുടെ ഈ ഭൂമികയിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതിയുടെ ലോകത്തില്‍    ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട് . അതു എന്നെ  ചരിത്രത്തിന്റെ നേരറിവുകളിലെക്ക് കൈ പിടിച്ചു നടത്തുകയാണ്. അക്രമത്തിന്റെയും അനീതിയുടെയും ദുര്മാര്‍ഗത്തിന്റെയും പൈശാചികതക്ക് മേല്‍ സത്യവും ശാന്തിയും സമാധാനവും പുന:സ്ഥാപിച്ച  കാലത്തിന്റെ വഴിത്തിരുവളെ അനുഭവിച്ചറിയുന്ന പോലെ. മനുഷ്യ കുലത്തിനു നന്മയുടെ, നേരിന്റെ, ദൈവിക മാര്‍ഗം കാണിച്ചു തന്നു മണ്മറഞ്ഞു പോയ പുണ്ണ്യ ദേഹങ്ങളുടെ കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍ നിന്നും ത്യാഗ സ്മരണകളോടെ മടങ്ങുമ്പോള്‍ എന്നെ പോലെ പലരുടെയും  മനസ്സ് ഭക്തി സാന്ദ്രമായിരുന്നു. അല്ലാഹുവേ ഞങ്ങള്‍ക്ക് നീ  പരലോക മോക്ഷം നല്‍കേണമേ. ...!

എഴുതിയത്
ഉമ്മു അമ്മാര്‍

http://vanithavedi.blogspot.com 

---------------------------------------------------------------------------------------------------------------------------




മക്കളെയറിയുക



പ്രവാസത്തിന്റെ തീച്ചൂളയില്‍ വെന്തു തിളച്ച യുവത്വം കൊണ്ട് പണിതീര്‍ത്ത സ്വപ്ന സൌധത്തിന്റെ ഉമ്മറത്ത് ജീവിതസായാഹ്നത്തിലൊരു ദിനം കാറ്റ് കൊള്ളാനിരിക്കവേ, ഒന്നുറക്കെ ചുമച്ചു പോയതിന്റെ പേരില്‍ സ്വന്തം മകനില്‍ നിന്നും 'ഛെ' എന്നു കേള്‍ക്കേണ്ടി വരുന്നയാളുടെ മാനസികാവസ്ഥയൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. 'അകത്തെവിടെയെങ്കിലും ഒതുങ്ങിയിരുന്നുകൂടെ'യെന്ന തീക്ഷ്ണമായ നോട്ടത്തില്‍ പതറിപ്പോവുന്ന ആ പിതാവിന്റെ സ്ഥാനത്ത് നിങ്ങള്‍ തന്നെയാണെന്ന് കൂടി കരുതി നോക്കൂ. ഹൊ! കരിമ്പ് ചണ്ടി പോലെ വലിച്ചെറിയപ്പെട്ടേക്കാവുന്ന ഒരു ഭാവികാലത്തെ കുറിച്ചുള്ള ഭാവന പോലും നമ്മിലെത്രമാത്രം അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്!  
കണ്കുളിര്‍മ നല്‍കുന്ന മക്കളാണ് ഒരു മനുഷ്യന്റെ ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം. നമുക്ക് കൈത്താങ്ങാവുന്ന, കുടുംബത്തിനു ആശ്വാസമാവുന്ന മക്കളായി സ്വന്തം മക്കളെ മാറ്റിയെടുക്കാനായി പണിയെടുക്കേണ്ടത് നാം തന്നെയല്ലാതെ മറ്റാരാണ്‌? എന്നാല്‍, പലതുമെന്ന പോലെ പ്രവാസിക്ക് സാധ്യമാവാതെ വരുന്നതും ഇത് തന്നെയാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന അവധി ദിനങ്ങളില്‍ മക്കളെ ശരിക്കുമൊന്ന് പരിചയപ്പെടാന്‍ പോലും കഴിയാതെ തിരിച്ചു പോരേണ്ടി വരുന്ന ഹതഭാഗ്യവാന്മാരാണ് നമ്മില്‍ പലരും. നാല് - അഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും രസകരമായത്. മലര്‍ന്നും കമഴ്ന്നും മുട്ടില്‍ നിരങ്ങിയും പിച്ച വെച്ചും പാല്‍പ്പല്ല് കാട്ടി ചിരിച്ചും അവര്‍ നമ്മെ ആനന്ദിപ്പിക്കും. വാക്കുകള്‍ കൂട്ടിപറഞ്ഞും പാട്ടുകള്‍ക്ക് വരികള്‍ ചമയ്ചും നമ്മുടെ മനംകവരും. പക്ഷേ, ഇതൊക്കെയും മിക്ക പ്രവാസികളുടെയും നഷ്ടക്കണക്കുകളായി ജീവിത ഡയറിയില്‍ രേഖപ്പെട്ടുകിടക്കും. ടെലഫോണ്‍ സംഭാഷങ്ങളില്‍ അപൂര്‍വമായി കേള്‍ക്കുന്ന 'ബാപ്പാ / അച്ഛാ' വിളികളെ പലവുരു മനനം ചെയ്ത് അവര്‍ ആശ്വാസം കണ്ടെത്തും. ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളെ 'സഹബാച്ചി'കളില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കും. കുഞ്ഞുമക്കള്‍ക്കാവട്ടെ, പിതാവെന്നാല്‍ ടെലഫോണ്‍ റെസീവറാണെന്ന് പോലും തോന്നിപ്പോകും! 
ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്ന പിതാവിലേക്ക് ഒരു ഗള്‍ഫുകാരന്‍ മാറുന്നതിന്റെ ആദ്യ കാരണങ്ങളാണ് ഈ പറഞ്ഞതൊക്കെയും. കെട്ടിപ്പിടിച്ചും വാരിപ്പുണര്‍ന്നും മതിവരുവോളം സ്നേഹം പകരാന്‍ കഴിയാത്തതിലുള്ള നിരാശാ ബോധത്തെ മറികടക്കാന്‍ അവര്‍ കാണുന്ന എളുപ്പവഴി പണം മാത്രമാണ്. സ്നേഹത്തിനു പകരം പണമെന്നും പണത്തിനു പകരം സ്നേഹമെന്നുമുള്ള പുതുലോകത്തിന്റെ സൂത്രവാക്യത്തിനു പ്രവാസിയും അറിയാതെ അടിമപ്പെടുകയാണിവിടെ. ബൈക്കായും മൊബൈലായും ലാപ്ടോപ്പായും സ്നേഹം എക്സ്ചേഞ്ചുകളിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നിടത്ത് തന്റെ 'രക്ഷാകര്‍തൃത്വം' അവസാനിച്ചു എന്നു മനസ്സിലാക്കുന്ന പ്രവാസിയില്‍ നിന്നു തുടങ്ങുന്നു പുതുതലമുറയുടെ സാംസ്കാരികാധപ്പതനം. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഒരു നാട്ടിലും അനുവദനീയമല്ലെന്ന് നമുക്കറിയാം. എന്നാലും പൊന്നുമോന്‍ എസ് എസ് എല്‍ സി പാസായാല്‍ നാം വാഗ്ദാനം ചെയ്യുന്ന ഉപഹാരം പാഷനും പള്‍സറുമാണ്. സ്കൂളുകളില്‍ നിരോധിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ എന്തിന്റെ പേരിലാണ് നമ്മുടെ കുട്ടിക്ക് നാം വകവെച്ചു കൊടുക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ത്രീജിയും വൈഫൈയും അടക്കം അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഒരു രക്ഷിതാവും വ്യാകുലപ്പെടുന്നുമില്ല. 'മാനസപുത്രി'യുടെ ദീനരോദനം തടസ്സപ്പെടാതിരിക്കാന്‍ മക്കളുടെ പഠനം അടച്ചിട്ട മുറികളിലേക്ക് ഒതുക്കപ്പെടുമ്പോള്‍, ആധുനിക പഠന സാമഗ്രികളില്‍ ഒന്നായ കമ്പ്യൂട്ടറില്‍ തെളിയുന്ന നീല വര്‍ണങ്ങളെ നമ്മുടെ പ്രിയപത്നിമാരും തിരിച്ചറിയുന്നില്ല! 
ദിനേനെ നാം നടത്തുന്ന ഇന്റര്‍നെറ്റ് ടെലെഫോണ്‍ സംഭാഷങ്ങങ്ങളില്‍ മക്കളെ കുറിച്ച് എന്തൊക്കെ തിരക്കാറുണ്ട്. ബൈക്കില്‍ എണ്ണയടിക്കാന്‍ കാശ് കൊടുക്കാത്തതിനു ചീത്ത പറഞ്ഞ മകനെ കുറിച്ചുള്ള പരിഭവംപറച്ചിലില്‍ ഒതുങ്ങിപ്പോവുന്ന മാതാവായി, പകരമായി മകനെയൊന്നു ശാസിച്ചു കടമ തീര്‍ക്കുന്ന പിതാവായി രക്ഷിതാക്കള്‍ മാറിപ്പോകുന്നുവെങ്കില്‍ ചിന്തിക്കാനേറെയുണ്ട്. അരമണിക്കൂറിനു അമ്പത് പൈസ കൊടുത്തു വാടക സൈക്കിളില്‍ നാല് റൌണ്ട് അങ്ങാടിയില്‍ കറങ്ങി സന്ധ്യക്ക് മുമ്പേ വീടണഞ്ഞ നമ്മുടെ ചെറുപ്പത്തെ ഇന്നത്തെ തലമുറയുമായി താരതമ്യം ചെയ്യരുത്. കാലം വല്ലാതെ മാറിപ്പോയിരിക്കുന്നു. ഒപ്പം മാറാന്‍, കാലത്തിനും മുന്നേ ഓടാന്‍ മത്സരിക്കുന്ന പുതു തലമുറയില്‍ നമ്മുടെ മക്കള്‍ മാത്രം സുരക്ഷിതരാണെന്ന മുന്‍ വിധിയാണ് നമുക്കുള്ളതെങ്കില്‍ നാം അത് തിരുത്തിയെ മതിയാവൂ. നമ്മുടെ നാട്ടില്‍ നടന്ന ഒരു പിടി പഠനങ്ങളില്‍ തെളിയുന്നത് ധാര്‍മിക ജീവിതം നയിക്കുന്ന വിദ്യാര്‍ഥി സമൂഹം തുലോം തുച്ഛമാണ് എന്നത്രേ! ലൈംഗിക അരാചകത്വവും മയക്കുമരുന്നിന്റെ ഉപയോഗവും ദൈവത്തിന്റെ സ്വന്തം നാടിനെ സാത്താന്റെ സ്വന്തം നാട്ടിലേക്ക് വഴിനടത്തിക്കൊണ്ടിരിക്കുകയാണ്. 
നമ്മള്‍ കടലിനിപ്പുറമായിപ്പോയത് കൊണ്ട് മാത്രം നമ്മുടെ മക്കള്‍ ധര്മച്യുതിയില്‍ പെട്ടുപോകാന്‍ പാടില്ല. മകനായാലും മകളായാലും അവരുമായി നല്ലൊരാത്മ ബന്ധം സ്ഥാപിച്ചെടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ചൂരല്‍ കാണിച്ചു പേടിപ്പിക്കുന്ന പഴയ രക്ഷിതാക്കളല്ല ഇന്നിനാവശ്യം. ഫോണെടുത്ത് റസീവര്‍ ചെവിയില്‍ നിന്നും മാറ്റിപ്പിടിച്ചു നമ്മുടെ ചീത്ത പറച്ചിലിനെ 'ആസ്വദിക്കുന്ന' മക്കളാക്കി അവരെ നാം മാറ്റരുത്. നല്ലൊരു സൗഹൃദം; ഏറ്റവുമടുത്തൊരു കൂട്ടുകാരനോടെന്ന പോലെ നന്നായി ഇടപഴകുന്നൊരു ബന്ധം. അതാണ്‌ പുതു തലമുറ രക്ഷിതാക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അവരുടെ ആവശ്യങ്ങളിലെ തെറ്റും ശരിയും സൌമ്യമായി അവരെ ബോധ്യപ്പെടുത്താന്‍ അതുവഴി സാധിക്കും. ആഗ്രഹങ്ങളിലെ തെരഞ്ഞെടുപ്പിന് അന്യരുടെ മക്കളെയോ സിനിമാ താരങ്ങളെയോ മാതൃകകളാക്കുന്നതിനു പകരം നമ്മുടെ അഭിപ്രായം തേടപ്പെടും. നെല്ലും പതിരും വേര്‍തിരിച്ചറിയിക്കാന്‍ നമുക്കും കഴിയും. പലപ്പോഴും കുട്ടികള്‍ക്കുണ്ടാവുന്ന ചീത്ത അനുഭവങ്ങള്‍ മാതാപിതാക്കള്‍ അറിയാതെ പോകുന്നത് ഇത്തരമൊരു കൊടുക്കലും വാങ്ങലും സാധ്യമാവുന്നൊരു ബന്ധം അവര്‍ക്കിടയില്‍ ഇല്ലാതെ പോവുന്നത് കൊണ്ടാണ്. ഞാനിത് പിതാവിനോട്‌ പറഞ്ഞാല്‍ എന്നെ ചീത്ത പറയും എന്നു വിശ്വസിക്കുന്നൊരു കുട്ടി നാമറിയേണ്ട പലതും ഉള്ളിലൊതുക്കും. പങ്കുവെച്ചു പരിഹാരം കാണേണ്ടവ അവിടെ കിടന്നു ചീഞ്ഞളിയും. ഒടുവില്‍ ദുര്‍ഗന്ധം നാടു മുഴുവന്‍ വ്യാപിച്ച ശേഷമാവും നാമറിയുക. പക്ഷേ അപ്പോഴേക്കും സമയം വല്ലാതെ വൈകിപ്പോയിരിക്കും. 
മക്കളുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഇടക്കൊന്നു പരിശോധിക്കാന്‍ നാം ആരെയെങ്കിലും ചട്ടം കെട്ടിയെ മതിയാവൂ. അനാവശ്യമെന്ന് നൂറു ശതമാനം ബോധ്യമുള്ള മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക തന്നെയാണ് ഉചിതം. കമ്പ്യൂട്ടറുകള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെങ്കില്‍ പരമാവധി സ്വകാര്യത ഇല്ലാത്ത മുറികളില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമെങ്കില്‍ മാത്രം അനുവദിക്കണം. ഓരോ അന്വേഷണങ്ങളിലും അവരുടെ പഠനവും ആരോഗ്യവും കൂട്ടുകെട്ടുകളും ചര്‍ച്ചയാവണം. നാം നല്‍കുന്ന പണം അനാവശ്യമായി ചെലവഴിക്കപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തണം. ധാര്‍മികകാര്യങ്ങളില്‍ ചെറിയൊരു അശ്രദ്ധ പോലും ഗുരുതരമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. പെണ്മക്കളുടെ വസ്ത്ര ധാരണ രീതികളില്‍ അധാര്‍മിക പ്രവണതകള്‍ കടന്നു വരാതെ ശ്രദ്ധിക്കണം. ആളുകളുമായുള്ള ഇടപെടലുകളില്‍ പാലിക്കപെടേണ്ട മര്യാദകളും നിയന്ത്രണങ്ങളും നിരന്തരം ഒര്മിപ്പിക്കപ്പെടണം. നാം കാണുന്നത് പോലെ മറ്റുള്ളവരും നമ്മുടെ മക്കളെ കാണണമെന്നില്ല. അവരെത്ര ചെറുതാണെങ്കിലും, ഇടപെടുന്നത് അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും കൃത്യമായ ശ്രദ്ധ അവരുടെ മേല്‍ ഉണ്ടാവണമെന്ന് ഭാര്യയോടും പറയണം. 
ഇങ്ങനെയൊരു റിമോട്ട് കണ്ട്രോള്‍ നമ്മുടെ കൈയില്‍ ഇല്ലാതെ പോയാല്‍ കുടുംബത്തിനും സമൂഹത്തിനും ശാപമായ ഒരു തലമുറയാവും നാളെ വളര്‍ന്നു വരിക. മുന്‍വിധികള്‍ മാറ്റിവെച്ച്, പകരം തിരിച്ചറിവിന്റെ കണ്ണട വെച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാവായി മാറാന്‍ ശ്രമിക്കാതെ, സ്നേഹത്തെ പണമാക്കി പരിവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഇനിയും നാം ശ്രമിക്കുന്നതെങ്കില്‍ സ്വസ്തമായൊരു ജീവിതസായാഹ്നം നമുക്കന്യം തന്നെയായിരിക്കും.




 എഴുതിയത് ശ്രദ്ധേയന്‍
shakayakkodi@gmail.com
http://www.shradheyan.com

No comments:

Post a Comment