സ്ത്രീ ശാക്തീകരണത്തിനൊരു 'വട്ടമേശ' - നസീഹ മജീദ്


ഖത്തറിലെ മലയാളി പ്രവാസി സംഘടനക്കിടയില്‍ എപ്പോഴും കലാ- സാംസ്‌കാരിക- കായിക മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട് ക്യു സി എം സി. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി പുഴയോരത്തെ കൊച്ചു പ്രദേശമായ ചെറിയ കുമ്പളം ഖത്തര്‍ പ്രവാസികളുടെ ഇടയില്‍ അറിയപ്പെടുന്ന 'ചെറിയ കുമ്പളം മഹല്ല് കമ്മിറ്റി' അതിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായ തകാഫുല്‍ കമ്മിറ്റി പത്താം വര്‍ഷം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി 'കതിര്‍ 2015' എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തി വരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും സമീപ പ്രദേശങ്ങളിലുള്ള മഹല്ല് വനിതാ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കുകയായി. കേരളത്തിലെ മഹല്ലുകളില്‍ സ്ത്രീ പ്രാതിനിധ്യം ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് തന്നെ കാലിക പ്രാധാന്യമുള്ള ഇത്തരം ചര്‍ച്ച സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്ത്രീകളുടെ ആത്മസംസ്‌കരണത്തിനും വിശ്വാസദാര്‍ഢ്യം വളര്‍ത്താനും ആദ്യം ഓരോ വ്യക്തിയില്‍ നിന്നും തുടങ്ങണം. ഓരോരുത്തരും ആത്മ സംസ്‌കരണം നേടിയെടുക്കാനും അതിലൂടെ ജീവിച്ചു കാണിക്കാനും സമൂഹത്തില്‍ കാണുന്ന മൂല്യച്യുതിയെ ഇല്ലാതാക്കാനുമുള്ള ശ്രമം സ്വന്തം ഭാഗത്ത് നിന്നും ഉണ്ടാവണം. അങ്ങനെ ചെയ്യുമ്പോഴേ ഒരു സമൂഹത്തെ സംസ്‌കരിക്കാനും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്താനും കഴിയുള്ളു.

കുട്ടികളുടെ പഠനം
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി അവരെ ജനോപകാരപ്രദമായ തലമുറയായി വാര്‍ത്തെടുക്കാന്‍ സാധിക്കണം. കുട്ടികളുടെ മാനസിക ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും അവര്‍ക്ക് വളരുവാനാവശ്യമായ ഗാര്‍ഹികാന്തരീക്ഷം ഒരുക്കേണ്ടതും ചെറുപ്പത്തിലേ നല്ല സംസ്‌കാരം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ഒരു ജീവിത പശ്ചാത്തലം ഒരുക്കേണ്ടത് ഓരോ പിതാവിന്റെയും മാതാവിന്റെയും കടമയും ബാധ്യതയുമാണ്. കുട്ടി സ്ത്രീയുടെ മടിത്തട്ടില്‍ നിന്നാണ് ആദ്യാക്ഷരങ്ങള്‍ പഠിക്കുന്നതെന്ന് ഒരു കവി വിശേഷിപ്പിച്ചത് പോലെ 'മാതാവ് ഒരു വിദ്യാലയമാണ്'. അതുകൊണ്ട് വിദ്യാലയം നന്നാക്കേണ്ട ബാധ്യത ഓരോ അമ്മയ്ക്കുമുണ്ട്.

സര്‍ഗാത്മകത
സമൂഹത്തില്‍ കാണുന്ന അനീതികളോടും ഉച്ചനീച്ചത്വങ്ങളോടും സമരസപ്പെട്ടു പോകാതെ അതിനെതിരെ ശബ്ദിക്കാനും പോരാടാനും സര്‍ഗാത്മകത ആവശ്യമാണ്. സര്‍ഗാത്മകമായ കഴിവുകളിലൂടെയാണ് സമൂഹത്തില്‍ സ്ത്രീ സാന്നിധ്യം അറിയിക്കേണ്ടത്. എഴുത്തിലൂടേയും നൈസര്‍ഗ്ഗികമായ കഴിവുകളിലൂടെയും ചിന്തകള്‍ പങ്കുവെക്കാന്‍ കഴിയണം. സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ മുസ്‌ലിം സ്ത്രീകള്‍ ഇനിയും ഒരുപാട് രംഗത്ത് വരേണ്ടതുണ്ട്. അവരുടെ ക്രിയാത്മകമായ ചിന്തകളും രചനകളും പ്രവര്‍ത്തനങ്ങളും വളരെ കുറവാണ് എന്നത് യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. സാഹിത്യ- സാംസ്‌കാരിക മേഖലകള്‍ ചര്‍ച്ച ചെയ്യുവാനും കാലം എന്താണ് ആവശ്യപ്പെടുന്നത് എന്നകാര്യം സമൂഹത്തോട് പറയാനും സ്ത്രീകള്‍ക്ക് കഴിയണം. അല്ലാതെ ബാഹ്യമായ ചില കാട്ടിക്കൂട്ടലുകള്‍ കൊണ്ട് സ്ത്രീ ശാക്തീകരണം സാധ്യമാവില്ല.

സമയം വിലപ്പെട്ടതാണ്
മുസ്‌ലിം സ്ത്രീകള്‍ക്ക് ഈ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ കഴിയാത്തതിന് കാരണം സമയം ശരിയായി ഉപയോഗിക്കുന്നില്ല എന്നതാണ്. അടുക്കളക്കുള്ളിലും ടെലിവിഷന്‍ ചാനലുകള്‍ക്ക് മുമ്പിലും സമയം നഷ്ടപ്പെടുകയാണ്. വൈകുന്നേരങ്ങളില്‍ റിയാലിറ്റി ഷോ ആയും സീരിയലുകളുമായും ചാനലുകള്‍ വരുന്നു. ഇന്ന് ചാനലുകള്‍ അധികവും ലക്ഷ്യമിടുന്നത് സ്ത്രീ പ്രേക്ഷകരെയാണ്. കുടുംബ ബന്ധങ്ങളും കുടുംബങ്ങളിലെ പ്രശ്‌നങ്ങളും മാത്രം വിഷയമാക്കുന്ന മെഗാ സീരിയലുകള്‍ സ്ത്രീകളെ അടിമപ്പെടുത്തുകയാണ്. അത് കൊണ്ട് തന്നെ ശരിയായ സമയ ക്രമീകരണവും പഠനവും വായനയും സാധ്യമാകുന്നില്ല. ചാനലുകളില്‍ സമയം ചെലവഴിക്കുന്നതിന് പകരം വായനയും പഠനവും പതിവാക്കേണ്ടിയിരിക്കുന്നു. ഒഴിവു സമയങ്ങള്‍ വായനയ്ക്കും പഠനത്തിനും വേണ്ടി ചെലവഴിക്കണം. ചാനലുകള്‍ നല്കുന്ന തെറ്റായ ചിന്തകള്‍ക്ക് അടിമപ്പെടാതെ ശാക്തീകരിക്കപ്പെടേണ്ടത് വായനയിലൂടെയും പഠനത്തിലൂടെയുമായിരിക്കണം.

കുടുംബ ഭദ്രത
കുടുംബത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനവും സ്ത്രീ ശാക്തീകരണവും സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കുടുംബ ഭദ്രതയും സാമൂഹിക സംവിധാനവും തകര്‍ക്കുന്ന സാമൂഹിക വിപത്തുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും കുടുംബത്തില്‍ സമാധാനവും സ്‌നേഹവും എന്നും നിലനിര്‍ത്താന്‍ കഴിയണം. വീട് നന്നായാലേ നാട് നന്നാകുകയുള്ളൂ. അതുകൊണ്ട് സ്ത്രീ ശാക്തീകരണം ഓരോ വീട്ടില്‍ നിന്നുമാണ് തുടങ്ങേണ്ടത്.

ദൈവബോധം
സ്വയം ശക്തിപ്പെടുത്തിയും ദൈവവിശ്വാസം എന്ന ആത്മീയ കവചം മുറുകെ പിടിച്ചുകൊണ്ട് കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയണം. പ്രയാസങ്ങളില്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ഉറച്ച് നില്‍ക്കാന്‍ സാധിക്കണം. പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ടെങ്കിലും ആത്മീയമായി പിറകിലാണെന്ന് പലരും സൂചിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായ വനിതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അവരുടെ കൃത്യമായ മതബോധവും ദൈവബോധവും ഉണ്ടായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് അത്തരം വനിതകളെ മാതൃകയാക്കേണ്ടിയിരിക്കുന്നു. 2011 ല്‍ ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ യമനിലെ സാമൂഹിക പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ തവക്കുല്‍ കര്‍മാന്റെ സംഭാവനകള്‍ ചരിത്രത്തിന്റെ ഒരു ഗതി മാറ്റമായി പലരും അഭിപ്രായപ്പെട്ടു.

സ്ത്രീ പുരുഷ സമത്വം
സ്ത്രീയും പുരുഷനും പ്രക്രിയ തന്നെ വ്യത്യസ്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടവര്‍ ആയതിനാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ സ്ത്രീ- പുരുഷ സമത്വത്തിന് യാതൊരു അര്‍ഥവുമില്ല എന്നും പലരും വാദിച്ചു. സ്ത്രീ സ്വയം പുരുഷന് സമര്‍പ്പിക്കേണ്ടവളാണെന്നും സേവിക്കേണ്ടവളാണെന്നും കല്‍പ്പിക്കുന്ന അധികാരത സ്രഷ്ടിക്കപ്പെടാറുണ്ട്. പുരുഷന്‍ മേലെയെന്നും സ്ത്രീ താഴെയെന്നും കല്‍പ്പിക്കുന്ന ആ മേല്‍ക്കോയ്മ വാദം ശരിയല്ല എന്നും പലരും വാദിച്ചു. അത് പോലെ സ്ത്രീ ശാക്തീകരണം പുരുഷന്മാരുടെ മേലുള്ള കടന്നു കയറ്റമാകാനും പാടില്ല. പരസ്പരം അറിഞ്ഞും സഹകരിച്ചും സ്‌നേഹിച്ചും ജീവിക്കുമ്പോഴാണ് സ്ത്രീ പുരുഷ സമത്വം സാധ്യമാകുന്നത്. പൊതുരംഗത്ത് നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്താതെ സ്ത്രീകള്‍ക്കും പ്രവര്‍ത്തിക്കാനും സേവനങ്ങള്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടാക്കി എടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സ്ത്രീകള്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനത്തിലും പങ്കാളികളാവനം. ഇത്തരം സംവാദങ്ങള പോസറ്റീവായി എടുക്കുമ്പോള്‍ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യും. സംവാദത്തിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും അതിന്റെ ബലഹീനതകളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളു.

മീഡിയക്കുള്ളില്‍
ഇന്ന് മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന പല മീഡിയകളുടെയും ചാനലുകളുടെയും യഥാര്‍ഥ ഉദ്ദേശശുദ്ധി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ധരിക്കുന്ന വസ്ത്രങ്ങളിലെ സുഖപ്രദമായ അവസ്ഥ എന്താണെന്ന് അത് ധരിക്കുന്നവരേക്കാള്‍ വേവലാതി കൊള്ളുന്നത് മീഡിയകളും മറ്റു ചിലരുമാണ് എന്ന് കാണുമ്പോള്‍ ഇതിനു പിന്നില്‍ ഒരു ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നതായി ചര്‍ച്ച ചെയ്യപ്പെട്ടു. നേരായ കാര്യങ്ങളില്‍ നിന്ന് വികല ചിന്തയിലേക്ക് സമൂഹത്തെ നയിക്കാന്‍ അത് പ്രേരണ നല്കുകയാണ്. അതുകൊണ്ട് പലപ്പോഴും ശരിയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ പോലും തെറ്റായ ചിന്തകള്‍ കടന്നു കൂടാന്‍ ഇടവരുന്നു. ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും വൈറലാകുന്ന വാര്‍ത്തകളിലെ തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയണം, ശരിയായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം.

പുരോഗമന കാഴ്ചപ്പാട്
പലപ്പോഴും മുസ്‌ലിം പുരോഗമനവാദികള്‍ എന്ന് പറഞ്ഞു ഇസ്‌ലാമിന്റെ പല കാഴ്ചപ്പാടുകളെയും ശരിയല്ല എന്ന് വാദിക്കുകയും അതിനെതിരായി വരുകയും ചെയ്യുന്ന പുരോഗമനവാദകളെ കാണാറുണ്ട്. അവരും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ശബ്ദിക്കാറുണ്ട്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളെ പലപ്പോഴും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല. ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അവര്‍ക്ക് ആവശ്യം സങ്കുചിത ചിന്തയില്‍ അധിഷ്ഠിതമായ വാദങ്ങളാണ്. ഗവേഷണം, പഠനം, എഴുത്ത്, വായന ഇവയൊക്കെയും അവര്‍ക്ക് തങ്ങളുടേതായ മേഖലയില്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള കേവല അന്വേഷണം മാത്രമാണ്. തങ്ങളുടെ സ്വന്തം ഭൗതിക നിലപാട് തുറന്നു കാണിക്കുക അതിനു വേണ്ടി വാദിക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കില്ല.

ഇത്തരം ചര്‍ച്ചകള്‍ നല്ല മാറ്റത്തിന്റെ തുടക്കമാവട്ടെ എന്നും ടേബിള്‍ ടോക്ക് പുതിയ അനുഭവമായതായും ചര്‍ച്ചയില്‍ പങ്കെടുത്ത വനിതകള്‍ അഭിപ്രായപ്പെട്ടു. മഹല്ലുകളില്‍ ചെറിയ വനിതാ യൂണിറ്റുകള്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ ശക്തിപ്പെടാനും ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാനും കഴിയുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിന് ചെറിയ കുമ്പളം മഹല്ല് മികച്ച ഉദാഹരണമായി ചെറിയ കുമ്പളം പ്രതിനിധി പറഞ്ഞു. ചെറിയ കുമ്പളം മഹല്ലിലെ വനിതകള്‍ക്ക് വീട് നിര്‍മാണത്തിലും സ്ത്രീകളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനും പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കാനും കൂട്ടുകൃഷികള്‍ നടത്താനും സാധിച്ചിട്ടുണ്ട്.

ചെറിയ കുമ്പളം മഹല്ല് വനിതകള്‍ക്ക് പുറമേ വേളം, പാലേരി, പാറക്കടവ്, ഊരം, കുറ്റിയാടി എന്നീ മഹല്ലുകളിലെ വനിതാ പ്രതിനിധികളും ടേബിള്‍ ടോക്കില്‍ പങ്കെടുത്തു. ഇത്തരം സംവാദങ്ങള പോസറ്റീവ് ആയി എടുക്കുമ്പോള്‍ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യും. ഇത്തരം സംവാദത്തിലൂടെയും ടാബിള്‍ ടോക്കിലൂടെയും പരസ്പരം ചിന്തകള്‍ പങ്കുവെക്കാനും സ്വന്തം ബലഹീനതകളെ മനസ്സിലാക്കാനും കഴിയും. ഇതിനവസരം ഒരുക്കിയ ക്യു സി എം സി യുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.

എഫ് സി സിയില്‍ നടന്ന കുട്ടികളുടെയും സ്ത്രീകളുടെയും പരിപാടിയില്‍ കുരുന്നു പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓരോ മഹല്ലുകളില്‍ നിന്നും പങ്കെടുത്ത കുരുന്നു പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നതായിരുന്നു.
ഖുര്‍ആന്‍ പാരായണവും മാപ്പിളപ്പാട്ടും ആംഗ്യപ്പാട്ടും കുട്ടികളുടെ ചെറിയ സ്‌കിറ്റും കാണികളെ ഏറെ സന്തോഷിപ്പിച്ചു. കൂടാതെ ക്വിസ്സ് മത്സരവും മഹല്ല് വനിതകള്‍ ഒരുക്കിയ ഹാന്റി ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പും ഉണ്ടായിരുന്നു.

സ്ത്രീശാക്തീകരണം - ടേബിള്‍ ടോക്ക്



തകാഫുല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കതിര്‍ 2015ന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടേയും കുട്ടികളുടെയും പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ടേബിള്‍ ടോക്ക് സ്ത്രീകള്‍ക്കിടയില്‍ പുതിയ അനുഭവമായതായി ചര്‍ച്ചയില്‍ പങ്കെടുത്ത വനിതകള്‍ അഭിപ്രായപ്പെട്ടു.

ചെറിയ കുമ്പളം മഹല്ല് വനിതകള്‍ക്ക് പുറമേ വേളം, പാലേരി, പാറക്കടവ്, ഊരം, കുറ്റിയാടി എന്നീ മഹല്ലുകളിലെ വനിതാ പ്രതിനിധികളും ടേബിള്‍ ടോക്കില്‍ പങ്കെടുത്തു. ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായ വനിതകളുടെ ജീവിതത്തെ ആസ്പദമാക്കി ജാസ്മിന്‍ ബഷീര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ യമനിലെ തവക്കല്‍ കര്‍മാന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിപാദിച്ചു. 

സ്വയം ശക്തിപ്പെടുത്തിയാണ് സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തേണ്ടത്. പ്രയാസങ്ങളില്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ഉറച്ച് നില്‍ക്കാന്‍ സാധിക്കണം. കുടുംബത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് വനിതകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനവും സ്ത്രീ ശാക്തീകരണവും സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക്  നല്ല വിദ്യാഭ്യാസം നല്കി അവരെ ഉപകാരപ്രദമായ തലമുറയായി വാര്‍ത്തെടുക്കാന്‍ സാധിക്കണം.

 
ഒഴിവു സമയങ്ങള്‍ വായനയ്ക്കും പഠനത്തിനും വേണ്ടി ചെലവഴിക്കുകയും വനിതകള്‍ ശാക്തീകരിക്കപ്പെടേണ്ടത് വായനയിലൂടെയും പഠനതിലൂടെയുമാണെന്നും ചര്‍ച്ച ചൂണ്ടിക്കാട്ടി. സര്‍ഗാത്മകമായ കഴിവുകളിലൂടെയാണ് സമൂഹത്തില്‍ സാന്നിധ്യം അറിയിക്കാനാവേണ്ടത്. എഴുത്തിലൂടെയും നൈസര്‍ഗ്ഗികമായ കഴിവുകളിലൂടെയും ചിന്തകള്‍ പങ്കുവെക്കാന്‍ സാധിക്കണമെന്ന് വിഷയം അവതരിപ്പിച്ച ജാസ്മിന്‍ ആവശ്യപ്പെട്ടു.

മഹല്ലുകളില്‍ ചെറിയ വനിതാ യൂണിറ്റുകള്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ ശക്തിപ്പെടാനും ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാനും കഴിയുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിന് ചെറിയ കുമ്പളം മഹല്ല്  മികച്ച ഉദാഹരണമാണെന്ന് നസീഹ മജീദ് ചൂണ്ടിക്കാട്ടി. ചെറിയ കുമ്പളം മഹല്ലിലെ വനിതകള്‍ക്ക് വീട് നിര്‍മാണത്തിലും സ്ത്രീകളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനും പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കാനും കൂട്ടുകൃഷികള്‍ നടത്താനും സാധിച്ചിട്ടുണ്ട്.

മഹല്ലിൽ കാരുണ്യ പ്രവര്ത്തനത്തിന് വേണ്ടി ഒരു യൂനിറ്റ്  ഉണ്ടാക്കിയതായും സ്ത്രീകളിൽ മത ബോധം വളര്തിയെടുക്കാൻ എല്ലാമാസവും ക്ലാസ്സുകൾ സംഘ ടിപ്പിക്കുന്നതായും വേളം മഹല്ല് പ്രതിനിധി ഷംല രബീഹ് പറഞ്ഞു.

നാല് മണി മുതല്‍ 10 മണി  വരെ നീണ്ടു നിന്ന പരിപാടി മഹല്ല് പ്രസിഡണ്ട്‌ കബീര് കെ എസ ഉത്ഘാടനം  നിര്വഹിച്ചു, നസീഹ മജീദ്‌ സ്വാഗതവും മജീദ്‌ മൈളിശ്ശേരി, സലാഹ്, ജാസ്മിൻ ബഷീര്, ഹബീബ് റഹ്മാൻ, മജീദ്‌ നാദാപുരം  എന്നിവര് സംസാരിച്ചു, നൂരുധീൻ നന്ദി  പറഞ്ഞു.

നശീദ റിയാസ് ഹാൻടി ക്രാഫ്റ്റ് വർക്ക്‌ ഷോപ്പ് ഒരുക്കി, ശമല റബീഹ്, സൗദ സമീഹ,  സല്‍മ സുല്‍ഫിക്കര്‍ എന്നിവരും അതിൽ പങ്കാളികളായി.

കുരുന്നു പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓരോ മഹാല്ലുകളിൽ നിന്നും പങ്കെടുത്ത കുരുന്നു പ്രതിഭകളുടെ കലാ പ്രകടനങ്ങൾ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നതായിരുന്നു,  ഖുറാൻ പാരായണവും മാപ്പിള പ്പാടും, ആംഗ്യ പ്പാട്ടും കുട്ടികളുടെ ചെറിയ സ്കിട്ടും കാണികളെ ഏറെ സന്തോഷിപ്പിച്ചു,  സൗദ സമീഹ നടത്തിയ കിസ്സ്‌ മത്സരം ഏറെ കൌതുകം ജനിപ്പിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു.

മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍: 
 ഖുര്‍ആന്‍ പാരായണം, കിഡ്‌സ്: അംന സാലിം, ഹനാ ഫാത്തിമ. 
ഖുര്‍ആന്‍ പാരായണം സബ്ജൂനിയര്‍: മുഹമ്മദ് നിഷാന്‍, ഇന്‍സാഫ്, ഫിജാസ് റഫീഖ്. 
ഖുര്‍ആന്‍ പാരായണം സീനിയര്‍: റിഷാ റഷീദ്, അസ്‌ലഹ് തമീം. 
ആംഗ്യ പ്പാട്ട് കിഡ്സ്‌  : റഹാ നഹ് ലിജ (ഒന്നാം സ്ഥാനം) അയ റമദാൻ (രണ്ടാം സ്ഥാനം)  ഹാസിം റഷീദ്,  ജസ ജംഷി, ദിയ മൊഹമ്മദ്‌ സാലിം (മൂന്നാം സ്ഥാനം) 
മാപ്പിളപ്പാട്ട് കിഡ്‌സ്: ഹനാ ഫാത്തിമ, റിസ നഹാന്‍, ലയ്ബ ഷബീര്‍. 
മാപ്പിളപ്പാട്ട് സബ്ജൂനിയര്‍:   മുഹമ്മദ് നിഷാന്‍, റിദാ റഷീദ്.   സീനിയര്‍: അസ്‌ലഹ് തമീം.
പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് മറ്റു രചനാ മത്സരങ്ങളുടെയും ഫലം ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .